ചരിത്രം രചിച്ച് ശ്രീചിത്ര

Tuesday 31 October 2017 8:00 pm IST

ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് എക്കാലവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും രോഗപരിപാലനരംഗത്തും നമ്മുടെ സംസ്ഥാനം മുന്‍പന്തിയിലാണ്. ഒരുവശത്ത് കേരളത്തിലെ ശിശുമരണവും മറുവശത്ത് ഡെങ്കിപ്പനിയുടെ നിരക്കുമൊക്കെ ദേശീയതലത്തില്‍ ചര്‍ച്ചയാവുമ്പോഴും ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവിന് കോട്ടം തട്ടാറില്ല. ഇന്ത്യയുടെ ആരോഗ്യഗവേഷണരംഗത്ത് ചരിത്രമെഴുതുന്ന, ആരോഗ്യമേഖലയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന, ഒരു സ്ഥാപനം കേരളത്തിലുണ്ട്. 44 വര്‍ഷംകൊണ്ട് ആ സ്ഥാപനം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എഴുതപ്പെടുക സുവര്‍ണ ലിപികളാലാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വികസന വഴിയില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കാനുള്ള തയ്യാറെടുപ്പിലാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ മനസിലുദിച്ച ആശയമാണ് ആരോഗ്യരംഗത്ത് വിപ്ലവം കുറിച്ച മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചത്. വിദേശപര്യടനത്തിനിടെ കുതിരപ്പുറത്തുനിന്നു വീണു പരിക്കേറ്റ ചിത്തിരതിരുനാളിന് വിദേശരാജ്യത്തെ ഓര്‍ത്തോ സ്‌പെഷ്യല്‍ ക്ലിനിക്കില്‍ ലഭിച്ച ചികിത്സയാണ് കൊച്ചുകേരളത്തിലും എന്തുകൊണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിച്ചുകൂടാ എന്ന ചിന്തയിലെത്തിച്ചത്. മടങ്ങിവന്ന അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രതേ്യക ക്ലിനിക്ക് തുടങ്ങാന്‍ മുന്‍കൈയെടുത്തു. ഒരു ബഹുനില കെട്ടിടത്തിനുവേണ്ട ചെലവ് വഹിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോന്‍ കൂടി താല്‍പര്യമെടുത്തതോടെ 1973ല്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ സൊസൈറ്റി എന്നപേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു സൊസൈറ്റി രൂപീകരിച്ചു. 1976ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ വി.എന്‍. ഹക്‌സര്‍, സെന്റര്‍ ഉദ്ഘാടനം ചെയ്തു. സെന്ററിന്റെ മേല്‍നോട്ടത്തിനായി അച്ചുതമേനോന്‍ ചെന്നൈയിലെ പ്രമുഖ കാര്‍ഡിയാക് സര്‍ജനായ ഡോ. ചെറിയാന്റെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എം.എസ്. വല്യത്താന്റെയും സഹായം തേടി. കേരളത്തില്‍ ചുമതലയേറ്റെടുക്കാനില്ലെന്ന് പറഞ്ഞ് ഡോ. ചെറിയാന്‍ പിന്മാറിയപ്പോള്‍ ഡോ.എം.എസ്. വല്യത്താന്‍ മുന്നോട്ടുവന്നു. നാലഞ്ചു ജീവനക്കാര്‍ മാത്രമുള്ള ഔട്ട് പേഷ്യന്റ് ക്ലിനിക്കായി ആരംഭം കുറിച്ച ശ്രീചിത്രയുടെ വളര്‍ച്ച ഡോ.വല്യത്താന്‍ എന്ന വലിയ മനുഷ്യന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ഭഗീരഥ പ്രയത്‌നത്തിന്റെയും ഫലമായിരുന്നു. ഗവേഷണ രംഗത്തേയ്ക്ക് മെഡിക്കല്‍ സെന്റര്‍ എന്നതിനൊപ്പം ഗവേഷണരംഗത്തും ശ്രീചിത്രയ്ക്കു മുന്നേറണമെന്ന ദൃഢനിശ്ചയത്തിന്റെ ഫലമായി ഏറെ താമസിയാതെ രാജകുടുംബത്തിന്റെ ആശിര്‍വാദത്തോടെ പൂജപ്പുര സാറ്റില്‍മൗണ്ട് പാലസില്‍ ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിന് തുടക്കം കുറിച്ചു. ശ്രീചിത്രയില്‍ പിജി കോഴ്‌സുകള്‍ തുടങ്ങുകയും അതിന് കേരള സര്‍വകലാശാലയുടെ അംഗീകാരം നേടിയെടുക്കാനുമായിരുന്നു ഡോ.വല്യത്താന്റെ ശ്രമം. അത് നടക്കാതെ പോയെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ശ്രീചിത്രയുടെ ലക്ഷ്യവും സാധ്യതകളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. വിദ്യാഭ്യാസവും ഗവേഷണവും സമന്വയിപ്പിക്കുന്ന ആധുനിക ചികിത്സയും ബയോ മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ വികസനത്തിന്റെ ആവശ്യകതയും കേന്ദ്രസര്‍ക്കാര്‍ മനസിലാക്കി. ഈ സ്ഥാപനത്തിന്റെ ദേശീയ പ്രാധാന്യം കൂടി കണക്കാക്കി 1980 പാര്‍ലമെന്റ് ആക്ടിലൂടെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലാക്കി ഉയര്‍ത്തി. ഇന്ന് സര്‍വ്വകലാശാല പദവിയും മികച്ച അക്കാദമിക് ക്ലിനിക്കല്‍, റിസര്‍ച്ച്, ട്രെയിനിങ് സൗകര്യങ്ങളുമുള്ള സ്ഥാപനത്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ബയോമെഡിക്കല്‍ ടെക്‌നോളജി(ബിഎംടി) വിഭാഗം, അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ന്യൂറോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലായി 253 കിടക്കകളുണ്ട്. ന്യൂറോ വിഭാഗത്തില്‍ ബ്രെയിന്‍ ട്യൂമര്‍, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ്, മേധാക്ഷയം, ഓട്ടിസം, തലച്ചോറുമായി ബന്ധപ്പെട്ട ചലനവൈകല്യങ്ങള്‍, അപസ്മാരം, നാഡീരോഗങ്ങള്‍ എന്നിവയ്ക്ക് സമഗ്രമായ ചികിത്സാ വിഭാഗങ്ങളും സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുമുണ്ട്. അപസ്മാരത്തിന് ഏറ്റവും കൂടുതല്‍ വിജയകരമായി സര്‍ജറി നടത്തിയ ആശുപത്രികളില്‍ ഏഷ്യയില്‍ തന്നെ മുന്‍പന്തിയിലാണ് ശ്രീചിത്ര. കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൃദയാഘാതം, ഹൃദയവാല്‍വുകളുടെ തകരാറ്, ഹൃദയസുഷിരങ്ങള്‍, ചികിത്സകള്‍മൂലമുള്ള വൈകല്യങ്ങള്‍, ഹൃദയതാളത്തിലെ വ്യതിയാനങ്ങള്‍, പേസ് മേക്കര്‍ തുടങ്ങിയവയ്ക്ക് സമഗ്ര ചികിത്സ ലഭ്യമാണ്. ഇതുകൂടാതെ കുട്ടികള്‍ക്കായി പ്രതേ്യക വിഭാഗവുമുണ്ട്. 1.70 ലക്ഷംപേരാണ് പ്രതിവര്‍ഷം ഇവിടെ ചികിത്സ തേടുന്നത്. പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലക്ഷ്യമിടുന്ന സ്ഥാപനത്തില്‍ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും സൗജന്യ ചികിത്സയും നല്‍കുന്നു. ശ്രീചിത്രയുടെ സ്ഥാനം ആഗോളതലത്തിലെത്തിച്ചത് ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണ്. പ്രതിവര്‍ഷം 20,000 കോടിരൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ 80 ശതമാനവും വികസിപ്പിച്ചെടുക്കുന്നത് ശ്രീചിത്രയാണ്. കാര്‍ഡിയോവാസ്‌ക്കുലര്‍, ന്യൂറോ സര്‍ജിക്കല്‍, ഡെന്റല്‍, ഓത്തോപീഡിക്, ടിഷ്യു എഞ്ചിനീയറിംഗ് മേഖലകളുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങള്‍ വിദേശ ബ്രാന്‍ഡുകളെ പിന്തള്ളിയാണ് ആഗോളതലത്തില്‍ വിപണി കീഴടക്കിയത്. മികച്ച ഗുണനിലവാരവും കുറഞ്ഞവിലയുമാണ് പ്രത്യേകത. ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചവയാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ഹൃദയവാല്‍വും രക്തബാഗുകളും. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയിലെയും വിദേശത്തെയും നാനൂറോളം ആശുപത്രികളിലായി ഒരു ലക്ഷത്തിലധികം ശ്രീചിത്ര ഹൃദയവാല്‍വുകളാണ് രോഗികള്‍ക്ക് മാറ്റിവച്ചത്. ടിടികെ ഹെല്‍ത്ത് കെയര്‍ കമ്പനിക്കാണ് വാല്‍വിന്റെ നിര്‍മ്മാണാവകാശം. 90 കളില്‍ ഇന്ത്യയിലാദ്യമായി ഡിസ്‌പോസബിള്‍ രക്തബാഗുകള്‍ വികസിപ്പിച്ചെടുത്തതോടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ രംഗത്ത് ശ്രീചിത്ര വിപ്ലവം സൃഷ്ടിച്ചു. എണ്‍പതോളം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രക്തബാഗിന്റെ ഉത്പാദനം 50 ദശലക്ഷം കവിഞ്ഞു. ഹോര്‍മോണ്‍ റിലീസിലൂടെ ഗര്‍ഭനിരോധനം സാധ്യമാക്കുകയും ബ്ലീഡിങ് തടയുകയും ചെയ്യുന്ന ഇന്‍ട്രായൂട്ടറൈന്‍ സിസ്റ്റം ലോകത്തുതന്നെ രണ്ടാമത്തേതാണ്. ഓക്‌സിജനേറ്റര്‍, ഹീമോകോണ്‍സണ്‍ട്രേറ്റര്‍, ഹൈഡ്രോസെഫാലസ് ഷണ്ട്, കൃത്രിമ രക്തക്കുഴലായ വാസ്‌കുലര്‍ ഗ്രാഫ്റ്റ് തുടങ്ങിയവ വികസിപ്പിച്ചെടുത്തത് കുതിച്ചുച്ചാട്ടത്തിനിടയാക്കി. ഡെന്റല്‍, ഓര്‍ത്തോപീഡിക് ഡിവൈസുകളും ശ്രീചിത്ര പുറത്തിറക്കി. ശ്രീചിത്ര 49 സാങ്കേതികവിദ്യകളാണ് 24 വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിജയകരമായി കൈമാറിയത്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത 96 ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. 16 എണ്ണത്തിന് വിദേശ പേറ്റന്റും. 12 ഉത്പന്നങ്ങള്‍ക്ക് ഡിസൈന്‍ രജിസ്‌ട്രേഷന്‍ ലഭിച്ചു. 114 ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ ബയോമെഡിക്കല്‍ ഡിവൈസുകള്‍ക്കുള്ള ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്ററായി ബയോമെഡിക്കല്‍ വിഭാഗത്തെ ഉയര്‍ത്തി. 100 കോടിരൂപയാണ് മോദി സര്‍ക്കാര്‍ മെഡിക്കല്‍ ഡിവൈസുകളുടെ പ്രോജക്ടുകള്‍ക്കായി മാറ്റിവച്ചത്. 2015-2020 കാലഘട്ടത്തിനുള്ളില്‍ 33 മെഡിക്കല്‍ ഡിവൈസുകളുടെ വികസനത്തിനുള്ള പ്രോജക്ടുകള്‍ സ്ഥാപനം ആരംഭിച്ചു. പദ്ധതിയുടെ കീഴില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 13 സാങ്കേതികവിദ്യകള്‍ കൈമാറാനും കഴിഞ്ഞു. ബ്ലഡ്/ഐവി ഫ്‌ളൂയിഡ് വാര്‍മിങ് സിസ്റ്റം, ബാസിനെറ്റ്, റാപ്പര്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ഇന്‍ഫന്റ് വാര്‍മര്‍, ഫൈബ്രിന്‍ സീലന്റ,് ടിഷ്യു എക്‌സ്ട്രാസെല്ലുലാര്‍ മെട്രിക്‌സ് സ്‌ക്കഫോള്‍ഡുകള്‍, പാമ്പ് വിഷത്തെ നിര്‍വീര്യമാക്കാന്‍ കോഴിമുട്ടയില്‍നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഇമ്യൂണോഗ്ലോബുലിന്‍, ആന്റിബയോഗ്രാമോടുകൂടിയ റാപ്പിഡ് ഡയഗ്‌നോസ്റ്റിക് കിറ്റ്, ശ്രീചിത്ര വെയ്ന്‍ വ്യൂവര്‍ എന്നിവ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്ററിനുകീഴില്‍ വികസിപ്പിച്ചെടുത്ത സുപ്രധാന സാങ്കേതിക വിദ്യകളാണ്. അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിനുകീഴില്‍ ഇരുപത്തിയാറോളം കോഴ്‌സുകളാണ് നടക്കുന്നത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ ചെയര്‍മാനും ഡോ. ആശ കിഷോര്‍ ഡയറക്ടറുമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയാണ് നയങ്ങള്‍ തീരുമാനിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന 100-ാമത്തെ ഗവേണിംഗ് ബോഡി 2021 മുതല്‍ 2030 വരെയുള്ള ശ്രീചിത്രയുടെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിരേഖ അവതരിപ്പിച്ചുകഴിഞ്ഞു. 2021-30 കാലയളവില്‍ 400 കോടി രൂപ ചെലവില്‍ 60 സാങ്കേതികവിദ്യകളുടെ വികസനത്തിനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറയുന്നു. ശ്രീചിത്രയുടെ സംഭാവന ആരോഗ്യവിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയുടെ സാങ്കേതിക നവീകരണത്തിനും വേണ്ടിയുള്ളതാകണമെന്ന് ഡോ. ആശ കിഷോര്‍ പറയുന്നു. വര്‍ഷങ്ങളായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതിന്റെ ആഹ്ലാദത്തിലാണിവര്‍. സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയുടെ വിപുലീകരണത്തിനായി പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷ പദ്ധതി പ്രകാരം 230 കോടിയാണ് കേന്ദ്രം അനുവദിച്ചത്. 1.13 ഏക്കര്‍ സ്ഥലത്ത് 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ആശുപത്രി മന്ദിരം ഉടന്‍ ഉയരും. 170 കിടക്കകളുള്ള മന്ദിരത്തിന്റെ നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങി 2020ല്‍ പൂര്‍ത്തീകരിക്കും. 135 അക്കാദമിക് ഫാക്കല്‍റ്റിയും 86 ഡോക്ടര്‍മാരും 1000ത്തോളം സ്ഥിര ജീവനക്കാരും 400 താല്‍കാലിക ജീവനക്കാരുമുള്ള ശ്രീചിത്രയെ എയിംസ് പദവിയിലേക്കുയര്‍ത്തണമെന്ന വാദം ശക്തമാണ്. പ്രതിവര്‍ഷം 3,000 കോടിരൂപയുടെ ബജറ്റ് വിഹിതം എയിംസുകള്‍ക്കുവേണ്ടി മാറ്റിവയ്ക്കുമ്പോള്‍ 150 കോടിയാണ് ശ്രീചിത്രയുടെ വിഹിതം. പരിമിതമായ സാമ്പത്തിക സഹായങ്ങള്‍ക്കുള്ളില്‍ നിന്ന് നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കുന്ന ശ്രീചിത്രയുടെ പേരില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.