അന്യംനിന്ന വാക്കുകളുടെ നിഘണ്ടുവുമായി കുരുന്നുകള്‍

Tuesday 31 October 2017 8:26 pm IST

മുഹമ്മ: ഒരു കാലത്ത് പ്രയോഗത്തിലിരുന്നതും പിന്നീട് അന്യം നിന്നതുമായ വാക്കുകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ നിഘണ്ടു തയ്യാറാക്കി കുട്ടിക്കൂട്ടം. മുഹമ്മ ലൂഥറന്‍മിഷന്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നാട്ടുഭാഷാ നിഘണ്ടു തയ്യാറാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയത്. കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യും. വീടറിയും വിദ്യാലയം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പരിസരത്തെ വീടുകള്‍ സന്ദര്‍ശിച്ച് മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും കണ്ടാണ് വാക്കുകള്‍ ശേഖരിച്ചത്. ആണം=കറി,മേല=വയ്യ, ദീനം=അസുഖം, ബിലാത്തി=ഇംഗ്ലീഷ്, വട്ട്=ഗുളിക, ഞാറുവാലി=മെലിഞ്ഞ എന്നിങ്ങനെയുള്ള അര്‍ത്ഥം നഷ്ടപ്പെട്ടുപോയ 125 ലേറെ വാക്കുകളാണ് കുരുന്നുകള്‍ കണ്ടെത്തിയത്. അദ്ധ്യാപകരുടെ സഹായത്താല്‍ ഇവ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി. പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് കുട്ടികള്‍ നടത്തിയതെന്ന് പ്രധാന അദ്ധ്യാപിക ഗീത പറഞ്ഞു. മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ നിഘണ്ടു ബിപിഒ എം. എന്‍. ഹരികുമാര്‍ സ്‌കൂള്‍ ലീഡര്‍ അനഘാ വിനോദിന് നല്‍കി പ്രകാശനം ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.