വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസ ലിസ്റ്റില്‍ ബിനാമികള്‍ തൃക്കാക്കരയില്‍ സിപിഐ-സിപിഎം തര്‍ക്കം

Tuesday 31 October 2017 9:35 pm IST

കാക്കനാട്: വഴിയോര കച്ചവടക്കാരുടെ പുനരധിവാസ ലിസ്റ്റില്‍ ബിനാമികള്‍ കടന്നുകൂടിയതുമായി ബന്ധപ്പെട്ട് ഭരണകക്ഷികളായ സിപിഎം-സിപിഐ തര്‍ക്കം. നിലവില്‍ വഴിയോര കച്ചവടം നടത്തുന്ന ആളുകളുടെ ഇരട്ടി ആളുകളുടെ പട്ടിക തയ്യാറാക്കി ബിനാമികളെ തിരുകി കയറ്റിയെന്നാണ് സിപിഐ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. കുടുംബശ്രീ മുഖേന തയ്യാറക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന്് എഐടിയുസി നേതാക്കള്‍ തുടക്കം മുതലേ ആരോപിക്കുന്നുണ്ട്. ഇതാണിപ്പോള്‍ ഭരണതലത്തിലേക്കും കടന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ്് ലിസ്റ്റ് തയ്യാറാക്കിയത്. ഒക്ടോബര്‍ ആവസാനം ലിസ്റ്റ് അംഗീകരിച്ച് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ലിസ്റ്റില്‍ വ്യാജന്മാര്‍ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കാതെ അംഗീകരിക്കില്ലെന്നും സിപിഐ നിലപാട് സ്വീകരിച്ചതോടെ സിപിഎം ലിസ്റ്റ് പുറത്തെടുത്തില്ല. ചെയര്‍പേഴ്സണും സെക്രട്ടിറിയും അംഗങ്ങളായ സമിതി എതിര്‍പ്പുകള്‍ ഭയന്ന് കരട് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ലെന്നാണ് സിപിഐ കൗണ്‍സിലര്‍മാരുടെ ആരോപണം. എന്നാല്‍ ലിസ്റ്റിനെതിരെ സിപിഐയുടെ എതിര്‍പ്പുകള്‍ കെട്ടടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തില്‍ ആഞ്ച് മാസത്തിന് ശേഷം തിങ്കളാഴ്ച കൗണ്‍സില്‍ അജണ്ടയില്‍പ്പെടുത്തി അംഗീകരിക്കാനുള്ള നീക്കമാണ് സിപിഐയുടെ അപ്രതീക്ഷിത എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയത്. ലിസ്റ്റ് പ്രകാരം ജില്ലയ്ക്ക് പുറത്തുള്ളവര്‍ 24 പേരുണ്ടെന്നാണ് സിപിഐ കൗണ്‍സിലര്‍്മാരുടെ ആരോപണം. ഇത് കൂടാതെ നഗരസഭയ്ക്ക് പുറത്തുള്ളവര്‍ 26 പേരും ഇതരസംസ്ഥാനക്കാര്‍ 22 പേരുമുണ്ട്. റോഡ് പുറമ്പോക്കില്‍ ഷെഡുകള്‍ കെട്ടി വന്‍ തുക ദിവസ വാടക വാങ്ങുന്ന വഴിയോര കച്ചവട മാഫിയ സംഘങ്ങളാണ് അന്യസംസ്ഥാനക്കാരെ ബിനാമി പേരില്‍ ലിസ്റ്റില്‍ തിരുകി കയറ്റിയതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം. ആരോഗ്യ ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ജില്ലാഭരണകൂടം നേരത്തെ വഴിയോരകച്ചവടങ്ങള്‍ നീക്കം ചെയ്തത്. ഇവര്‍ക്കായാണ് പുനരധിവാസ പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.