കാക്കിയിട്ട സാമൂഹ്യദ്രോഹി

Tuesday 31 October 2017 10:17 pm IST

സാമൂഹ്യദ്രോഹികളില്‍ നിന്നും ദ്രോഹങ്ങളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുകയും അവര്‍ക്ക് കൈത്താങ്ങ് നല്‍കുകയും ചെയ്യുന്നവരാണ് പോലീസുകാര്‍. അല്ലെങ്കില്‍ അങ്ങനെയാവണം പോലീസ്. ഇതാണ് സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലയിടത്തും ഉണ്ടാവുന്ന അനുഭവങ്ങള്‍ മറിച്ചാണ്. വേലി തന്നെ വിളവുതിന്നുന്നു എന്ന പഴമൊഴിയാണ് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നത്. പോലീസ് സാമൂഹികവിരുദ്ധരുടെ ഒപ്പം കൂടുകയല്ല, സ്വയം അങ്ങനെ ആയിത്തീരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലുണ്ടായ സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്‌ഐ എ. ഹബീബുള്ള ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയെ പാതിരാത്രിയില്‍ അടിച്ചുപതംവരുത്തിയ സംഭവം ജനരോഷത്തിന് കാരണമായിരിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ വീടിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിന്റെ മുമ്പില്‍ പാതിരാത്രിയില്‍ പോലീസുകാരനെ കണ്ട വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കാരണമന്വേഷിച്ചു. ഇതില്‍ ക്രുദ്ധനായ എസ്‌ഐ കടുത്ത അസഭ്യവര്‍ഷമാണ് നടത്തിയത്. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിയെ എസ്‌ഐ ഹബീബുള്ള മര്‍ദ്ദിച്ചവശനാക്കിയത്. അച്ഛനമ്മമാരുടെ മുമ്പിലിട്ട് പൊതിരെ തല്ലിയശേഷം ജീപ്പിലേക്ക് ചുരുട്ടിക്കൂട്ടിയെറിയുമ്പോള്‍ അമ്മ അലമുറയിട്ടതിനാല്‍ ചവിട്ടിത്താഴെയിട്ട് പോലീസ് കടന്നു. പാതിരാത്രിയില്‍ നടക്കാവ് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ ഈ ഗുണ്ടായിസം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ നേരിട്ട് കേസെടുത്തിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലും. അതാത് സര്‍ക്കാറുകളുടെ മര്‍ദ്ദനോപാധിയായി പോലീസിനെ മാറ്റുമ്പോള്‍ അവരും തോന്നിയവഴി പോകുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. തന്റെ പ്രതിശ്രുത വധുവിനെ കാണാനാണ് ലേഡീസ് ഹോസ്റ്റലിനു മുമ്പിലെത്തിയതെന്ന് എസ്‌ഐ ഹബീബുള്ള ന്യായീകരിക്കുന്നുണ്ട്. എന്തുകൊണ്ട് മര്യാദപൂര്‍വ്വം വിദ്യാര്‍ത്ഥിയുടെ അച്ഛനോട് ഇക്കാര്യം പറഞ്ഞില്ല? തനി ഗുണ്ടയായി ഒരു എസ്‌ഐ പെരുമാറത്തക്ക എന്തു പ്രകോപനമാണുണ്ടായത്? മറ്റൊരു സ്റ്റേഷന്‍ പരിധിയില്‍ എത്തുമ്പോള്‍ കാണിക്കേണ്ട മര്യാദ എന്തുകൊണ്ട് പാലിച്ചില്ല? പോലീസും സാമൂഹികദ്രോഹികളും തമ്മിലുള്ള അകലം അനുദിനം കുറഞ്ഞുവരികയാണെന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാവും. അടുത്തിടെ തിരുവനന്തപുരത്ത് നട്ടപ്പാതിരക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെ കൊടിമരം പിഴുതത് എഎസ്‌ഐ ആണ്. സംഘര്‍ഷം നിലനില്‍ക്കുന്നിടത്ത് സര്‍വത്ര പ്രശ്‌നം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ഒരു ഭാഗത്ത് അസ്വാസ്ഥ്യത്തിന് വഴിമരുന്നിടുക, മറ്റൊരിടത്ത് സാമൂഹികദ്രോഹികളുടെ പണി സ്വയം ഏറ്റെടുക്കുക, പോലീസിന്റെ പണിയെന്താണെന്ന് ചോരത്തിളപ്പുള്ള ഇത്തരം പോലീസുകാരെ പഠിപ്പിക്കാത്തതിന്റെ ദുരന്തമാണിതൊക്കെയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. സമൂഹത്തിന്റെ സ്വാസ്ഥ്യവും സുരക്ഷിതത്വവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് സേനയിലെ മഹാഭൂരിപക്ഷം നടത്തുമ്പോള്‍ ചില ക്രിമിനല്‍ മനസ്സുള്ളവര്‍ മൊത്തം ചീത്തപ്പേരുണ്ടാക്കുകയാണ്. ഇതിന് ആരെങ്കിലും വളംവെച്ചു കൊടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഒരു വിദ്യാര്‍ത്ഥിയെ കാരണമൊന്നും കൂടാതെ മര്‍ദ്ദിച്ചവശനാക്കിയ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കുക തന്നെ വേണം. ഇത്തരം ക്രിമിനലുകള്‍ക്കുള്ള സ്ഥാനം പോലീസ് സേനയല്ല, മറിച്ച് ജയിലാണ്. അതോടൊപ്പം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് എല്ലാ സഹായങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണം. അക്കാര്യത്തിന് ചെലവാകുന്ന സംഖ്യ ആരോപിതനായ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് വസൂല്‍ ചെയ്യുകയും വേണം. മേലില്‍ പോലീസ് സാമൂഹികദ്രോഹത്തിന് കൂട്ടുനില്‍ക്കരുത്, സാമൂഹികദ്രോഹികളാകരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.