അതിരൂപതയുടെ വസ്തു ഇടപാട്: കര്‍ദ്ദിനാളിനെ തടഞ്ഞു; സംഘര്‍ഷം

Friday 5 January 2018 9:34 am IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേരാനിരുന്ന പാതിരി സമിതിയോഗം സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റി. വസ്തു ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ഒരു വിഭാഗം അല്‍മായര്‍ തടഞ്ഞുവെച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കര്‍ദ്ദിനാള്‍ രേഖാമൂലം സഹായമെത്രാന്മാരെ അറിയിച്ചു. അല്‍മായരുടെ ഒരു സംഘം ബലം പ്രയോഗിച്ച് വിലക്കിയതിനാലാണ് സമ്മേളനം മാറ്റിവെനയ്ക്കാന്‍ നിര്‍ബന്ധിതനായതെന്ന് സമിതി അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കി.വളരെയേറെ ജനങ്ങള്‍ പുറത്തു കാത്തിരിക്കുന്നുവെന്ന അല്‍മായര്‍മാരുടെ ഭീഷണി മൂലം ഒരു കലഹം ഉണ്ടാകാതിരിക്കാന്‍ യോഗം ശാന്തമായ അന്തരീക്ഷത്തില്‍ പിന്നീട് നടത്താമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.

വസ്തു ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കും കര്‍ദ്ദിനാളിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് പ്രതികൂലമാകുമെന്ന് തിരിച്ചറിഞ്ഞാണ് അല്‍മായര്‍ അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ തടഞ്ഞത്. എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ യോഗം മാറ്റിയതിനെ പാതിരിസമിതി വിമര്‍ശിച്ചു. 

വസ്തു വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിന് നേതൃത്വം നല്‍കിയത് കര്‍ദിനാളായിരുന്നു. വസ്തു ഇടപാടില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. വസ്തു വില്‍പ്പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയുമായി സഭാ നേതൃത്വത്തിനുള്ള ബന്ധവും പരാമര്‍ശിച്ചിട്ടുണ്ട്. ഇടക്കാല പാതിരി സമിതിയില്‍ ഇടപാട് സംബന്ധിച്ച് മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, സീറോ മലബാര്‍ സഭയുടെ തലവനായ ജോര്‍ജ് ആലഞ്ചേരിയാണ് കരാറുകളില്‍ ഒപ്പുവെച്ചത്. അതുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയ്ക്ക് വീഴച സംഭവിച്ചെന്നാണ് കണ്ടെത്തല്‍.

മൂന്ന് പാതിരിമാര്‍, അഭിഭാഷകന്‍, തഹസീല്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവരടങ്ങിയതാണ് കമ്മീഷന്‍. ഈ മാസം 31ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അന്വേഷണം നേരത്തെ പൂര്‍ത്തിയായതിനാലാണ് ഇന്നലത്തെ പാതിരി സമിതി യോഗത്തില്‍  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധാരണയായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.