ചെന്നൈയില്‍ കനത്തമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Wednesday 1 November 2017 9:11 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ വരെ സംസ്ഥാനത്ത് പലയിടങ്ങളിലായി എട്ടുപേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചത് ഷോക്കേറ്റാണ്. കൊരട്ടൂര്‍, മുടിച്ചൂര്‍, ചിറ്റലപ്പാക്കം എന്നിവിടങ്ങളില്‍ വെള്ളത്തില്‍ കുടുങ്ങിപ്പോയവരെ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ ഒമ്പത് സംഘങ്ങള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മഴ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ താംബരം മുടിച്ചൂര്‍, വ്യാസര്‍പ്പാടി, ഒട്ടേരി, അയനാവരം, തിരുവട്ടിയൂര്‍, നോര്‍ത്ത് ചെന്നൈ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ഈ ഭാഗങ്ങളിലെ ജനജീവിതം സ്തംഭിച്ചു. ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്കും യാത്രാതടസ്സം നേരിട്ടു. മുന്‍കരുതല്‍ നടപടിയെന്നോളം അഡയാര്‍, കൂവം നദിയില്‍നിന്ന് മാലിന്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. അഡയാര്‍ നദി കടലുമായി കൂടിച്ചേരുന്ന ഭാഗത്തുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ദേശീയ ദുരന്തനിവാരണസേനയും സഹായിക്കുന്നുണ്ട്. നദികളില്‍നിന്ന് കടലിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ നഗരത്തിലെ വെള്ളക്കെട്ട് വേഗത്തില്‍ നീക്കംചെയ്യാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.