സര്‍ക്കാര്‍ കൈയൊഴിഞ്ഞ ഹരിജന്‍ യുവാവ് ചികിത്സാസഹായം തേടുന്നു

Wednesday 1 November 2017 2:20 pm IST

പേട്ട: പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കയ്യൊഴിഞ്ഞ ഹരിജന്‍ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ആര്യനാട് സ്വദേശി ശിവദാസന്‍ (40) ആണ് കാലില്‍ ബാധിച്ച അപൂര്‍വ രോഗത്തിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നത്. ഇയാള്‍ എസ്‌യുറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെവി മാല്‍ഫോര്‍മേഷന്‍ എന്ന രോഗമാണ് ശിവദാസനെന്ന അവിവാഹിതനെ ബാധിച്ചിരിക്കുന്നത്. ശരീരാവയവങ്ങള്‍ക്കുണ്ടാകുന്ന അമിതവളര്‍ച്ചയും ഭാരക്കൂടുതലുമാണ് രോഗലക്ഷണം. ശരീരത്തിലേക്കുളള രക്തധമനികളെ ബാധിക്കുന്ന ഗുരുതര രോഗമാണ്. ക്യാന്‍സറിന് തുല്യത പുലര്‍ത്തുന്ന രോഗം. ശിവദാസിന്റെ ഇടതുകാലിനാണ് അമിതവളര്‍ച്ചയും ഭാരക്കൂടുതലുമുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനോ ഇരിക്കാനോ കഴിയില്ല. ഇയാളുടെ അരയ്ക്ക് താഴോട്ട് കാല് മുറിച്ച് മാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്നാണ് എസ്‌യുറ്റിയില്‍ ശിവദാസനെ ചികിത്സിക്കുന്ന വാസ്‌കുലര്‍ സര്‍ജന്‍ ഡോ ഉണ്ണികൃഷ്ണന്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ വിശ്വനാഥന്‍, സുബിന്‍ എന്നിവര്‍ പറയുന്നത്. ശസ്ത്രക്രിയക്ക് മൂന്നുലക്ഷം രൂപയോളം ചെലവുവരും. എന്നാല്‍ ഭാരിച്ച തുക കണ്ടെത്താനുളള ശേഷി ശിവദാസനോ കുടുംബത്തിനോ ഇല്ല. രണ്ട് സഹോദരിമാരും അനുജനും അമ്മയുമടങ്ങുന്നതാണ് ശിവദാസിന്റെ കുടുംബം. ഒരു സഹോദരി തൃശൂരില്‍ അധ്യാപികയായി ജോലി നോക്കുകയാണെങ്കിലും കുടുംബവുമായി അകല്‍ച്ചയിലാണ്. അനുജന്‍ ഏറെനാളായി പേരൂര്‍ക്കട മാനസികാശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസന്‍ കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് വയസ്സായ അമ്മയുടെ സംരക്ഷണവും അനുജന്റെ ചികിത്സാച്ചെലവും നടന്നിരുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് രോഗബാധിതനായതോടെ ഇയാള്‍ മാനസികമായി തളര്‍ന്നു. ഹോട്ടല്‍ ജീവനക്കാരനായ സഹോദരീഭര്‍ത്താവിന്റെ കാരുണ്യത്തില്‍ ചില സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പണമില്ലാത്തതിന്റെയും രോഗിക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തതിന്റെയും പേരില്‍ കാല് മുറിച്ചുളള ചികിത്സയില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരും ശിവദാസനെ ഒഴിവാക്കി. നിത്യവൃത്തിക്കുപോലും വകയില്ലാതെ വന്നതോടെ ഇയാളെ സുഹൃത്തുക്കളും കൈയൊഴിഞ്ഞു. ആഗസ്റ്റ് 9 ന് 108 ആംബുലന്‍സില്‍ അനാഥനെന്ന നിലയിലാണ് ശിവദാസന്‍ ജനറല്‍ആശുപത്രിയിലെ ഒന്‍പതാംവാര്‍ഡിലെത്തിയത്. തുടര്‍ന്ന് വാര്‍ഡ് ഹെഡ്‌നേഴ്‌സ് ശര്‍മിളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശിവദാസനെ കുറിച്ചുളള വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ ജനറല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശാനുസരണം ഒന്നരമാസം മുമ്പ് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് അയച്ചെങ്കിലും അന്ന് വൈകിട്ടു തന്നെ ഒന്‍പതാം വാര്‍ഡിലേക്ക് തിരികെ വിടുകയായിരുന്നു. അത്യാസന്നാവസ്ഥയിലെത്തിയ രോഗിയെ കൈയൊഴിയാന്‍ മനസ്സ് വരാത്ത ശര്‍മിള വിവരം സേവാഭാരതി ജില്ലാ അധ്യക്ഷനും എസ്‌യുറ്റിയിലെ ഗ്യാസ്‌ട്രോളജി വിഭാഗം മേധാവിയുമായ രഞ്ജിത് ഹരിയെ അറിയിച്ചു. തുടര്‍ന്ന് എസ്‌യുറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അടിയന്തരമായി കാല് മുറിച്ചുമാറ്റിയില്ലെങ്കില്‍ ശിവദാസന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സന്മനസ്സുളളവര്‍ തണല്‍ നല്‍കിയാല്‍ ശിവദാസന്‍ ഇനിയും ഏറെക്കാലം ഒപ്പമുണ്ടാകും. സുമനസുകളുടെ സഹായത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എസ്ബിഐ നെട്ടയം ബ്രാഞ്ച്, ഐഎഫ്എസ്‌സി കോഡ് 10787, അക്കൗണ്ട് നമ്പര്‍-37266529 200.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.