മൂന്നു കോടിയുടെ തീരുമാനം നഗരസഭാ കൗണ്‍സില്‍ അറിയാതെ

Wednesday 1 November 2017 2:24 pm IST

തിരുവനന്തപുരം: ഖര മാലിന്യനിര്‍മാര്‍ജനത്തിന് നഗരത്തിലെ വീടുകളില്‍ ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ബിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയെന്ന് ആരോപണം. മൂന്നുകോടിരൂപയുടെ കരാര്‍ നല്‍കിയത് നഗരസഭാ കൗണ്‍സില്‍ അറിയാതെ. ഇരുപത് ശതമാനം തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി സെക്രട്ടറി തിരുമല അനില്‍ ആക്ഷേപവുമായി രംഗത്തെത്തിയതോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ പോലും കരാറിനെ സംബന്ധിച്ച് മനസ്സിലാക്കുന്നത്. കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തിരുമല അനില്‍ ചൂണ്ടിക്കാട്ടി. 2016-17 ലെ ജനകീയയാസൂത്രണ പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ വീടുകളില്‍ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയായ ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ മൂന്നുകോടിരൂപ വകയിരുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് ഏജന്‍സികള്‍ക്കാണ് അംഗീകാരം നല്‍കിട്ടുള്ളത്. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐആര്‍ടിസി), സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഡെവലപ്‌മെന്റ് എന്നിവയാണ് അംഗീകൃത ഏജന്‍സികള്‍. കരാറുകള്‍ നടപ്പാക്കുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ പാലിക്കണമെന്നാണ് നിയമം. ഐആര്‍ടിസിക്കാണ് നഗരസഭാ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയത്. ടെണ്ടര്‍ നടപടികള്‍ പാലിച്ചുവെന്നും പത്രപ്പരസ്യം നല്‍കിയപ്പോള്‍ ഐആര്‍ടിസി മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തതെന്നുമാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ വാദം. എന്നാല്‍ ടെണ്ടറില്‍ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കില്‍ നടപടി റദ്ദാക്കി വീണ്ടും ടെണ്ടര്‍ ക്ഷണിക്കുകയോ അല്ലെങ്കില്‍ മറ്റ് ഏജന്‍സികളുമായി ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ അതുണ്ടായില്ല. ഒരു കിച്ചണ്‍ബിന്നിന് 1800 രൂപ നിരക്കില്‍ 15,833 എണ്ണത്തിനുള്ള കരാര്‍ ഐആര്‍ടിസിക്ക് നല്‍കി. കൗണ്‍സില്‍ അംഗീകാരം വാങ്ങാതെ 56,99,880 രൂപ മുന്‍കൂറായി നല്‍കുന്നതിന് 2017 മാര്‍ച്ച് 28 ന് മേയര്‍ വി.കെ. പ്രശാന്ത് അനുമതിയും നല്‍കി. ശേഷം നിരവധി കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും മൂന്നുകോടിയുടെ കരാര്‍ വിഷയം അവതരിപ്പിച്ചില്ല. കരാര്‍ വ്യവസ്ഥ എന്താണെന്നോ കിച്ചണ്‍ബിന്നിന്റെ ഗുണമേന്മ സംബന്ധിച്ചോ കൗണ്‍സിലില്‍ ചര്‍ച്ചയും നടന്നില്ല. അതായത് മുന്‍കൂറായി കമ്പനിക്ക് നല്‍കിയ തുകയുടെ ചെക്ക് മാറിയശേഷം ആറുമാസം കഴിഞ്ഞ് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. കരാര്‍ റദ്ദാക്കണമെന്ന് ഇനി കൗണ്‍സില്‍ തീരുമാനിച്ചാലും കോടതിയില്‍ ചോദ്യംചെയ്ത് കമ്പനിക്ക് മുന്നോട്ട് പോകാം. ഇത്തരത്തിലുള്ള നീക്കമാണ് ഭരണപക്ഷം നടത്തിയിരിക്കുന്നത്. ഇന്നലത്തെ അജണ്ടയില്‍ ഒരുലക്ഷം രൂപയുടെ കരാര്‍ പണിക്കുപോലും അനുമതി ചോദിച്ച് കൗണ്‍സിലില്‍ വന്നിരിക്കെ മൂന്നുകോടിയുടെ കരാറിനെക്കുറിച്ച് ആറുമാസമായിട്ടും കൗണ്‍സിലിനെ അറിയിക്കാത്തതിനെക്കുറിച്ച് വിശദമായ ചര്‍ച്ച വേണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ ആവശ്യപ്പെട്ടു. കരാറിനെതിരെ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. എന്നാല്‍ യഥാസമയം വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ജീവനക്കാരോട് വിശദീകരണം തേടുമെന്ന വിചിത്രന്യായമാണ് മേയര്‍ മറുപടിയായി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.