കാവ്യം സുഗേയം കഥ രാഘവീയം

Sunday 17 July 2011 12:38 am IST

ശ്രീരാമ...രാമ....ശ്രീരാമ....രാമചന്ദ്രാ......" ഭാരതത്തിന്റെ ആദ്യകാവ്യമെന്നും ഇതിഹാസമെന്നും വിശേഷിപ്പിച്ചാലും രാമായണത്തിന്റെ പ്രാധാന്യം മുഴുവന്‍ അതില്‍ ഒതുങ്ങില്ല. രാമന്റെ അയനം-യാത്ര എന്നു സൂചിപ്പിക്കുന്ന ഈ ഇതിഹാസം സൂര്യവംശത്തിലെ രാജാവായ ശ്രീരാമന്റെ ജീവിതകഥയാണ്‌. "വിശുദ്ധം വരം സച്ചിദാനന്ദ രൂപം ഗണാധാരമാധാര ഹീനം വരേണ്യം മഹാന്തം വിഭാന്തം ഗുഹാന്തര്‍ ഗുണാനാം സുഖാദം സ്വയംധാമരാമം പ്രപദ്യേ" രാമായണത്തെക്കുറിച്ച്‌ ശ്രീശങ്കരഭഗവല്‍പാദര്‍ രചിച്ച വരികളാണിവ. ഭക്തിസാന്ദ്രമായ രാമായണത്തിലെ ശ്ലോകങ്ങള്‍ കര്‍ക്കിടകം ഒന്നുമുതല്‍ ഒരുമാസക്കാലം കേരളീയ ഗൃഹങ്ങളിലും ക്ഷേത്രാങ്കണങ്ങളിലും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. സഹസ്രാബ്ദങ്ങളായി ഭാരതീയരെ സ്വാധീനിച്ച ഒരു മഹദ്ഗ്രന്ഥമാണ്‌ വാല്മീകീ രാമായണം. ഈ രാമകഥ ഭാരതീയ സംസ്കൃതിയുടെ അടിവേരുകളും ശക്തി സ്രോതസ്സുമാണ്‌. ത്രേതായുഗത്തില്‍ നിന്നാരംഭിക്കുന്ന രാമായണകഥ ആധുനിക കാലഘട്ടത്തിനും വളരെയേറെ അനുയോജ്യമായ കാര്യങ്ങളാണ്‌ വെളിപ്പെടുത്തുന്നത്‌. വാല്മീകി രചിച്ച ഈ ഇതിഹാസകഥയെ ഇതിവൃത്തമാക്കി പിന്നീട്‌ നിരവധി രാമായണങ്ങള്‍ പല ഭാഷകളിലായി എഴുതപ്പെട്ടു. വാല്മീകിക്ക്‌ മുമ്പുതന്നെ രാമകഥ ഉണ്ടായിരുന്നെന്നും വാമൊഴിയായി രാമകഥ പ്രചരിച്ചെന്നും ഇങ്ങനെ കേട്ടറിഞ്ഞ രാമകഥ ആദ്യമായി വാല്മീകി എഴുതിയതാവാം എന്നും ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നു. ഭാരതത്തില്‍ മാത്രമല്ല, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലന്റ്‌, ബര്‍മ, ലാവോസ്‌, കമ്പൂച്ചിയ എന്നീ ഏഷ്യന്‍ സംസ്ക്കാരത്തിലെമ്പാടും രാമകഥ വേരുറപ്പിച്ചിട്ടുണ്ട്‌. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും രാമായണം മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. മലയാളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും വായനക്കാരുള്ളതും എഴുത്തച്ഛന്റെ രാമായണത്തിനാണ്‌. "ശാരികപ്പൈതലേ ചാരുശീലേ വരി- കാരോമലേ! കഥാശേഷവും ചൊല്ലു നീ..." എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേരളീയതയുടെ ആത്മാവിലേക്കുള്ള തീര്‍ത്ഥയാത്ര കൂടിയാണ്‌. കാവ്യം സുഗേയം കഥ രാഘവീയം കര്‍ത്താവ്‌ തുഞ്ചത്തുളവായ ദിവ്യന്‍ ചൊല്ലുന്നതൊ ഭക്തിമയ സ്വരത്തില്‍ ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ...... എന്നാണ്‌ മഹാകവി വള്ളത്തോള്‍ വിശേഷിപ്പിക്കുന്നത്‌. ശ്രീരാമനെ ഉത്തമപുരുഷനായി വാല്മീകി അവതരിപ്പിക്കുന്നു. ഒരു സമൂഹത്തില്‍ ആവശ്യമായ ധര്‍മങ്ങള്‍ ആചാര്യമര്യാദകള്‍, ഉത്തമരാജനീതി, ജനക്ഷേമ ധര്‍മം, പുത്രധര്‍മം, സഹോദരസ്നേഹം എന്നിവ രാമായണത്തിലെ ഏഴുകാണ്ഡങ്ങളിലായി വ്യക്തമാക്കുന്നു. ഉത്തരകാണ്ഡത്തില്‍ വാല്മീകി തന്നെ രാമായണത്തിലെ ഒരു കഥാപാത്രമായി മാറുന്നു. ശ്രീരാമനെ ദൈവമായി ആരാധിക്കുമ്പോഴും ശ്രീരാമന്‍ നരനോ നാരായണനോ എന്ന യുക്തി ചിന്ത നമ്മെ സംശയത്തിലാക്കുമ്പോഴും ധര്‍മാധര്‍മ വിചാരം മനസ്സില്‍ ഉണര്‍ത്തുകയും പാപചിന്തകളില്‍നിന്നും മോചനം നല്‍കുകയും ചെയ്യുന്നു. ജൈനമതത്തിലും ബുദ്ധമതത്തിലും രാമകഥയ്ക്ക്‌ സ്ഥാനമുണ്ട്‌. രാമനെ ബോധിസത്വന്‍ എന്നാണ്‌ ബുദ്ധമതക്കാര്‍ വിളിക്കുന്നത്‌. ജൈനമത സാഹിത്യത്തില്‍ 'രാമലവണ ചരിതം' 'സീതാപരിതം' എന്നിവയുണ്ട്‌. ഇന്തോനേഷ്യക്കാരുടെ ജീവിതത്തില്‍ രാമായണത്തിന്‌ വലിയ സ്വാധീനമാണ്‌. സേതുബന്ധനം, പ്രയാഗ, സരയൂ, അയോധ്യ എന്നിങ്ങനെയുള്ള പേരുകള്‍ അവിടെയുണ്ട്‌. തായ്‌ലന്റുകാരുടെ പഴയ തലസ്ഥാനം 'അയോത്തിയ' അവിടത്തെ ചക്രവര്‍ത്തിയുടെ സ്ഥാനപ്പേര്‌ 'ഭൂമിബാല്‍ ശ്രീ അതുല്ല്യഭാഗ്യ ശ്രീരാമ' എന്നാണ്‌. ശ്രീരാമനെ മതേതരത്വത്തിന്റെ പ്രതീകമായും നീതിമാനായും ചിലര്‍ ആദരിക്കുന്നു. പല മുസ്ലീം രാഷ്ട്രങ്ങളിലും 'രാമായണം' ബാലെ 'രാമായണോത്സവങ്ങള്‍' നടക്കുന്നുണ്ട്‌. രാമായണത്തിനുശേഷം ഉണ്ടായ ഇതിഹാസമായ മഹാഭാരതത്തില്‍ നാലിടത്ത്‌ രാമായണകഥ പറയുന്നുണ്ട്‌. ഇതിവൃത്തത്തിന്റെ മഹത്വംകൊണ്ടും ആഖ്യാനത്തിന്റെ ആകര്‍ഷണീയതകൊണ്ടും പുതുമനശിക്കാത്ത ഈ ഇതിഹാസത്തിന്‌ തുല്യമായി വിശ്വസാഹിത്യത്തില്‍ അധികം കൃതികളില്ല. ഭാരതീയ സംസ്കൃതിയുടെ ഉറവവറ്റാത്ത ഗംഗാപ്രവാഹമാണ്‌ രാമായണം.സാഹിത്യ ശാഖകളിലൊക്കെ രാമായണത്തിന്റെ ഭാവമാറ്റം ഉണ്ടായിട്ടുണ്ട്‌. എഡി 400 ല്‍ മഹാകവി കാളിദാസന്‍ രാമായണകഥയെ ആസ്പദമാക്കി 'രഘുവംശം' രചിക്കുകയുണ്ടായി. മലയാളത്തില്‍ ശ്രീകണ്ഠന്‍നായരുടെ 'ലങ്കാദഹനം' 'കാഞ്ചനസീത' എന്നീ നാടകങ്ങള്‍, മഹാകവി കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' വയലാറിന്റെ 'രാവണ പുത്രി' ഇങ്ങനെ ഒട്ടേറെ കൃതികള്‍ രാമായണത്തില്‍നിന്നും പുനര്‍ജനിച്ചിട്ടുണ്ട്‌. എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ട്‌. ആത്മാവിന്‌ നാശമില്ല. രാമലക്ഷ്മണന്മാര്‍ താടകയെ വധിച്ചപ്പോള്‍ ആത്മാവ്‌ ദേഹത്തില്‍നിന്നും ഒരു തേജസ്സുപോലെ വേര്‍പെട്ടു പോയതായി രാമായണത്തില്‍ പറയുന്നു. ആത്മശാന്തി ലഭിക്കുവാന്‍ ദശരഥന്റെ മക്കള്‍ മരണാനന്തര ക്രിയകള്‍ നടത്തിയതായി രാമകഥയിലുണ്ട്‌. ജടായുവിന്റെ ആത്മശാന്തിക്കായി ശ്രീരാമനും, ബാലിയുടെ ആത്മശാന്തിയ്ക്ക്‌ അംഗദനും രാവണന്റെ ആത്മശാന്തിക്കായി വിഭീഷണനും മരണാനന്തര ക്രിയകള്‍ നടത്തിയിട്ടുണ്ട്‌. പുരുഷാര്‍ത്ഥങ്ങളെക്കുറിച്ചും രാമായണത്തില്‍ വ്യക്തമാക്കുന്നു. ധര്‍മത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ പരിമിതമായ അര്‍ത്ഥകാമങ്ങള്‍ മാത്രമേ മനുഷ്യന്‍ അനുഷ്ഠിക്കാവൂ എന്ന്‌ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറയുന്നുണ്ട്‌. കാമത്തിന്റെ തിക്തഫലം അഹല്യാ ശാപ കഥയിലൂടെ വാല്മീകി ശക്തിയായി അവതരിപ്പിച്ചു. കാമത്തിന്‌ അടിമയായതുകൊണ്ടാണല്ലോ വീരനായ രാവണന്‍ സീതയെ അപഹരിച്ചത്‌. കാമത്തെപ്പോലെ തന്നെ അര്‍ത്ഥത്തേയും ജീവിതത്തില്‍നിന്നും ഒഴിവാക്കാനാവില്ല. ധനത്തിനുള്ള ആവേശം, അധികാരത്തിനുള്ള ആവേശം ഇവ അമിതമാകുമ്പോള്‍ ദുരന്തങ്ങള്‍ പെയ്തിറങ്ങുന്നു. ഭരതനെ രാജാവാക്കാനുള്ള ശ്രമവും സുഗ്രീവന്‌ രാജാവാകാനുള്ള മോഹവും അധികാര അഭിനിവേശമാണ്‌. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍... താന്താനനുഭവിച്ചീടുകെന്നേ വരൂ......' കാട്ടാളനും കൊള്ളക്കാരനുമായ രത്നാകരന്റെ ഭാര്യ നിരക്ഷരയായ ഒരു ഗോത്രവര്‍ഗ സ്ത്രീ ഇത്രയും വലിയൊരു നീതിശാസ്ത്രം ഭര്‍ത്താവിനോട്‌ പറയുമ്പോള്‍ ആര്‍ഷഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങള്‍ എത്രമാത്രം മഹത്തരമാണെന്ന്‌ സുവ്യക്തമാകുന്നു. ലക്ഷ്മണോപദേശം, രാമസീതാതത്വം, ക്രിയാമാര്‍ഗോപദേശം, സമ്പാതിവാക്യം, സീതാസ്വയംവരം, അഹല്യാമോക്ഷം, ബാലിവധം, ഹനുമല്‍ സീതാ സംവാദം എന്നീ ഭാഗങ്ങളില്‍ സാമാന്യജനങ്ങള്‍ക്ക്‌ വ്യക്തമാകുംവിധം വിവരിക്കുന്നുണ്ട്‌. "ശ്രീരാമനെ പിതാവായും സീതയെ മാതാവായും വനത്തെ അയോധ്യയായും കണ്ട്‌ സുഖമായി പോയിവരിക" എന്ന്‌ സുമിത്രാ മാതാവ്‌ ലക്ഷ്മണനെ യാത്രയയ്ക്കുന്നത്‌ സഹോദരസ്നേഹത്തിന്റെ മാതൃക തന്നെയാണ്‌. പാദുക പട്ടാഭിഷേകം പോലൊന്ന്‌ ലോകസാഹിത്യത്തില്‍ വേറിട്ടൊരു ദൃശ്യം തന്നെയാണ്‌. "ഞാന്‍ എന്തുതെറ്റാണ്‌ ചെയ്തത്‌. എന്തിനാണ്‌ എന്നെ വധിക്കുന്നത്‌" എന്ന്‌ ബാലി ചോദിച്ചപ്പോള്‍ "ധര്‍മം രക്ഷിക്കുകയാണ്‌ എന്റെ ദൗത്യം" എന്ന്‌ ശ്രീരാമന്‍ പറയുകയുണ്ടായി. ബാലി സഹോദരഭാര്യയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി കൂടെ താമസിപ്പിച്ചത്‌ രാജധര്‍മമല്ല. ധര്‍മശാസ്ത്രങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നത്‌ കടുത്ത അപരാധമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. പഴയകാലത്ത്‌ അമ്മമാര്‍ പതിവായി പറയാറുള്ള വാക്കാണ്‌ "സീതയോളം ക്ഷമിക്കുക" എന്നത്‌. രാമായണത്തില്‍ ഏറ്റവും ദുരിതങ്ങളും പരീക്ഷണങ്ങളും ഏറ്റു വാങ്ങേണ്ടിവന്ന കഥാപാത്രമാണ്‌ സീത. ഭൗതിക ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളില്‍ നാം തളര്‍ന്നുവീഴുമ്പോള്‍ ആദി കവിയുടെ ഈ ഉണര്‍ത്തുപാട്ട്‌ ശക്തിസ്രോതസ്സായി മാറും. രാമായണം പൂജിക്കാന്‍ മാത്രമുള്ളതല്ല. കഥയിലെ കൗതുകംമൂലം വായിക്കാന്‍ മാത്രമല്ല, ജീവിതത്തില്‍ അനുഷ്ഠാനമാക്കാനുള്ളതാണ്‌. ഭാഗ്യശീലന്‍ ചാലാട്‌