ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗവും ഗെയില്‍: മുക്കത്ത് സമരം അക്രമാസക്തം

Thursday 2 November 2017 10:13 am IST

മുക്കം(കോഴിക്കോട്): നിര്‍ദ്ദിഷ്ട കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടന്ന സമരം അക്രമാസക്തമായി. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. മുക്കം എരഞ്ഞിമാവില്‍ ഒരു മാസമായി നടക്കുന്ന സമരമാണ് അക്രമാസക്തമായത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വ്വേയും പൈപ്പിടലും പുനരാരംഭിക്കാന്‍ രാവിലെ ഗെയില്‍ അധികൃതര്‍ പോലീസുമായി എത്തുകയായിരുന്നു. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ സമരക്കാര്‍ക്കിടയില്‍ നിന്ന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി. വിവിധ സ്ഥലങ്ങളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഉപയോഗിച്ചും ടയറുകള്‍ കത്തിച്ചും സമരക്കാര്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ വലിയപറമ്പിലും തുടര്‍ന്ന് കല്ലായിയിലും പോലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാര്‍ തിരിഞ്ഞു. ഇതിനിടെ അക്രമാസക്തരായ സമരക്കാര്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞ് തകര്‍ത്തു. അപകടം മുന്നില്‍ കണ്ട് ബസ് ജീവനക്കാര്‍ യാത്രക്കാരെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിര്‍മ്മിച്ച സമരപ്പന്തലും വിവിധ സംഘടനകളുടെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും പോലീസ് നീക്കി. സമരക്കാരെ നീക്കി പൈപ്പ് ലൈന്‍ പ്രവൃത്തി തുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ട് മണ്ണുമാന്തിയന്ത്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചതിനാല്‍ പ്രവൃത്തി നടത്താനായില്ല. പുതിയ മണ്ണ്മാന്തിയന്ത്രം സ്ഥലത്തെത്തിച്ചങ്കിലും മഴപെയ്ത് വെള്ളവും ചെളിയും നിറഞ്ഞതിനാല്‍ പണ നടന്നില്ല. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ മുക്കം പോലീസും അരീക്കോട് പോലീസും അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വൈകിട്ട് എം.ഐ. ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധവും സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലര്‍ പോലീസിനെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സമരക്കാര്‍ക്കും കല്ലേറില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സംഘര്‍ഷം രാത്രി വരെ നീണ്ടു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍ കുട്ടി, താമരശേരി ഡിവൈഎസ്പി സജീവന്‍, മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐമാരായ ടി.എ. അഗസ്റ്റിന്‍, എന്‍. ബിശ്വാസ്, ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തിലും കിഴുപറമ്പ് പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.