ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് പുതിയ മുഖം വരുന്നു

Wednesday 1 November 2017 9:18 pm IST

ചങ്ങനാശേരി: മധ്യതിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം പണികള്‍ അവസാന ഘട്ടത്തില്‍. ഡിസംബര്‍ മാസത്തോട് പണികള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനമാണുള്ളത്. 12000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന കെട്ടിടത്തില്‍ ആറു ടിക്കറ്റ് കൗണ്ടറുളാണ് ക്രമീകരിക്കുന്നത്. 560 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമില്‍ 26 ബോഗികളുള്ള യാത്രാ ട്രെയിനുകളിലും യാത്രക്കാര്‍ക്ക് പ്രയാസം കൂടാതെ കയറുവാന്‍ കഴിയും.നിലവിലുള്ള ഫുട്ട് ഓവര്‍ ബ്രിഡ്ജിനു പുറമെ ഒന്നുകൂടി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആധുനിക മുഖം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ചാണ് സ്റ്റേഷന്‍ നിര്‍മ്മാണം നടക്കുന്നത്.ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മദ്ധ്യതിരുവിതാംകൂറില്‍ ഏറ്റവും നീളമുള്ള പ്ലാറ്റ് ഫോം ചങ്ങനാശേരിക്ക് സ്വന്തമാകും. ബൈപ്പാസിന് അഭിമുഖമായി പണിത് ഉയര്‍ത്തുന്ന സ്റ്റേഷന്‍ ചങ്ങനാശേരിയുടെ വികസനത്തിന് പച്ചക്കൊടിയാവുകയാണ്. സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബസ് സര്‍വ്വീസും ഇതുവഴി കടന്നു പോകുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്റ്റേഷന്റെ മുന്‍വശത്തുള്ള ഒരേക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് ട്രാന്‍സ്‌പോര്‍ട്ട് ഹബിനുള്ള സംവിധാനം കൂടി ആവിഷ്‌ക്കരിക്കണം. ഇതിന് ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ആവശ്യമാണ്. റെയില്‍വേയുടെ ഉന്നതതല തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. 4000 ചതുരശ്ര മീറ്റര്‍ സ്ഥലം വാഹന പാര്‍ക്കിങ്ങിന് എര്‍പ്പെടുത്തിയിട്ടുണ്ട്.ഇവിടെ 150 കാറുകള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമുണ്ട്.സമീപ സ്റ്റേഷനുകളായ ചെങ്ങന്നൂരില്‍ എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരുവല്ലയില്‍ ഉടനെ ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനമായിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ പണിയുന്ന ഇവിടെയും എസ്‌കലേറ്ററും ലിഫ്റ്റും സ്ഥാപിക്കമെന്ന് റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ബാല്‍ക്കണി സൗകര്യത്തോടെയാണ് സ്റ്റേഷന്‍ കെട്ടിടം പണിയുന്നത്. കേരളീയ വാസ്തുശില്പശൈലിയിലാണ് കെട്ടിടം പണിയുന്നത്. റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവാണ് സ്റ്റേഷന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് തറക്കല്ലിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.