ക്ഷേത്രനടയില്‍ ഭക്തര്‍ക്ക് തടസ്സം സൃഷ്ടിച്ച് വാഹന പാര്‍ക്കിംഗ്

Wednesday 1 November 2017 10:33 pm IST

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയായ തെക്കെ നടയിലും കിഴക്കെ നടയിലും നിയമം ലംഘിച്ചുകൊണ്ടുള്ള വാഹന പാര്‍ക്കിംഗ് ഭക്തജനങ്ങള്‍ക്ക് ദുരിതമാകുന്നു. പേരാമ്പ്ര ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന വടക്കെ നടയില്‍ രാവിലെ മുതല്‍ രാത്രി വരെ ഇരുചക്രവാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടാണ് തടസ്സം സൃഷ്ടിക്കുന്നത്. ടൗണില്‍ ബസ്സ്റ്റാന്റ് പരിസരം മുതല്‍ പഞ്ചായത്ത് ഓഫീസ് ക്രോസ്‌റോഡ് വരെ പാര്‍ക്കിംഗ് നിരോധിച്ചതോടെയാണ് ക്ഷേത്രനടയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴിയായ കിഴക്കെ നടയില്‍ വാട്ടര്‍ ടാങ്കുകളുമായി വരുന്ന വന്‍വാഹനങ്ങളാണ് നിര്‍ത്തിയിടുന്നത്. കൂടാതെ പച്ചക്കറി, പഴക്കച്ചവടക്കാരും വാഹനം നിര്‍ത്തിയിട്ട് കച്ചവടം നടത്തുന്നുണ്ട്. ഇരുനടകളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ച് കൊണ്ടുള്ള ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് പുല്ലുവില പോലും നല്‍കാതെയാണ് പാര്‍ക്കിംഗ് തുടരുന്നത്. മറ്റ് ആരാധനാലയങ്ങളുടെ ഏഴകലത്തുപോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്ത അവസ്ഥയിലാണ് ക്ഷേത്രത്തിലേക്കുള്ള വഴി പൂര്‍ണ്ണമായും തടസപ്പെടുന്നതെന്ന് ആരോപണമുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴി മുടക്കുന്ന അനധികൃത വാഹന പാര്‍ക്കിംഗ് നിര്‍ത്തലാക്കാന്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന് വിശ്വഭാരതി സേവാസമിതി ആവശ്യപ്പെട്ടു. പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇ.വി. രാജീവന്‍, ചെമ്പോട്ടി അശോകന്‍, കെ.എം. ഗണേശന്‍, ചന്ദ്രഹാസന്‍ മീത്തില്‍, കെ.പി. രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.