നവംബറിന്റെ നഷ്ടം ഓര്‍ത്താല്‍

Thursday 2 November 2017 8:27 am IST

മാസങ്ങളുടെ പേരിലും മലയാളത്തില്‍ സിനിമ ഉണ്ടായിട്ടുണ്ട്.അവയെല്ലാം ഗംഭീര വിജയങ്ങളുമായിരുന്നു. ജോഷിയുടെ ജനുവരി ഒരു ഓര്‍മ്മ,ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18,ഏപ്രില്‍ 19,പത്മരാജന്റെ നവംബറിന്റെ നഷ്ടം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ മാസപ്പേരില്‍ ഉണ്ടായിട്ടുണ്ട്. നവംബറില്‍ ഓര്‍ക്കാന്‍ നഷ്ടത്തിന്റെ കഥയുമായി അങ്ങനെ പിറന്നതാണ് നവംബറിന്റെ നഷ്ടം.പേരുകള്‍കൊണ്ട് പ്രേക്ഷകനെ മോഹിപ്പിക്കുന്ന പത്മരാജന്‍ ചിത്രങ്ങളില്‍ പ്രമേയം കൊണ്ടും ആവിഷ്‌ക്കാരംകൊണ്ടും വ്യത്യസ്തമായിരുന്നു ഈ നവംബറും. ഒരു പെണ്‍കുട്ടിയുടെ വൈകാരിക പ്രശ്‌നങ്ങളും ഭയപ്പാടുംകൊണ്ട് നിരവധി മുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത ഈ ചിത്രം അവളുടെ സ്‌നേഹമയിയായ സഹോദരന്റെ സാന്ത്വന സ്പര്‍ശത്തിന്റേയുംകൂടി കഥയായിരുന്നു. ഒരു സുഹൃത്തായി സഹോദരിയുടെ പ്രതിസന്ധിനാളുകളില്‍ അവ തരണം ചെയ്യാന്‍ അയാള്‍ സഹായിക്കുന്നതും മറ്റും ഈ ചിത്രത്തിലെ ഹൃദയഹാരിയായ നിമിഷങ്ങളായിരുന്നു.സഹോദരിയും സഹോദരനും തമ്മിലുള്ള ഈ സ്‌നേഹബന്ധം അന്നു പ്രേക്ഷര്‍ ഏറ്റെടുത്തുവെന്നു തന്നെ പറയാം. മാധവിയാണ് സഹോദരിയായി വേഷമിട്ടത്.മാധവിയുടെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണിത്. സഹോദരനായി രാമചന്ദ്രനും കാമുകനായി പ്രതാപ് പോത്തനും. മിന്നുന്ന അഭിനയം മൂന്നുപേരും കാഴ്ചവെച്ചു. പത്മരാജന്‍ തന്നെ രചന നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാറാണ്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി.എം അബ്ബാസായിരുന്നു നിര്‍മ്മാണം.1982 ല്‍ റിലീസ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.