ഗെയില്‍: സംഘര്‍ഷത്തിന് അയവില്ല

Thursday 2 November 2017 1:02 pm IST

കോഴിക്കോട്്: നിര്‍ദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഹര്‍ത്താല്‍ നടക്കുന്ന മുക്കം എരഞ്ഞിമാവ് പ്രദേശത്താണ് സംഘര്‍ഷം തുടരുന്നത്. ഹര്‍ത്താലിനെ തുടര്‍ന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റാന്‍ പോലീസെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. എരഞ്ഞിമാവിനടുത്ത് ഗോതമ്പ്‌റോഡിലാണ് പോലീസ് ലാത്തിവീശിയത്. റോഡിലെ തടസ്സം നീക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ഇന്ന് രാവിലെ കല്ലേറുണ്ടായിരുന്നു. തടസ്സം മാറ്റിയതോടെ ഏതാനും പേര്‍ വീണ്ടും പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലൂം വീടുകള്‍ കേന്ദ്രീകരിച്ചും പോലീസുകാര്‍ തെരച്ചില്‍ നടത്തി. ജനവാസ മേഖലകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ എരഞ്ഞിമാവില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. ഇന്നലെ രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഗ്രനേഡ് പ്രയോഗിച്ചു.് ലാത്തിചാര്‍ജില്‍നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് 200 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. അതേസമയം സമരത്തിന് നേതൃത്വം നല്‍കുന്നത് തീവ്രവാദ സ്വഭാഭമുള്ള സംഘടനകളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.