ഗെയില്‍ പൈപ്പ് ലൈന്‍ ജോലികള്‍ പുനരാരംഭിച്ചു

Thursday 2 November 2017 2:40 pm IST

കോഴിക്കോട്: മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ ജോലികള്‍ പുനരാരംഭിച്ചു. ഡിജിപി രാജേഷ് ദിവാന്റെ സാന്നിധ്യത്തിലാണ് പുനരാരംഭിച്ചത്. പൈപ്പിടാനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ പണികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉച്ചയ്ക്ക് 1.30ഓടെ കനത്ത ബന്തവസിലായിരുന്നു നിര്‍മാണത്തിനുള്ള ഉപകരണങ്ങളുമായി പോലീസ് എത്തിയത്. രാവിലെ റോഡുകളില്‍ സമരസമിതി പ്രവര്‍ത്തകര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് മുക്കം സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഇതെല്ലാം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് നീക്കിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്. രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കുന്നത് തീവ്രവാദ സ്വഭാഭമുള്ള സംഘടനകളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുളളവരാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കിയത്. അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടു.സംഘര്‍ഷത്തില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവരില്‍ കൂടുതലെന്നും പോലീസ് പറയുന്നു. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇപ്പോള്‍ 21 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി. പൊതുമുതല്‍ നശിപ്പിക്കല്‍,വധശ്രമം ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ പ്രദേശത്ത് സമരസമിതി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തുടരുന്നുണ്ട്. റോഡിലെ തടസ്സം നീക്കാനെത്തിയ പോലീസുകാര്‍ക്ക് രാവിലെ കല്ലേറുണ്ടായിരുന്നു. തടസ്സം മാറ്റിയതോടെ ഏതാനും പേര്‍ വീണ്ടും പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലൂം വീടുകള്‍ കേന്ദ്രീകരിച്ചും പോലീസുകാര്‍ തെരച്ചില്‍ നടത്തി. ജനവാസ മേഖലകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ എരഞ്ഞിമാവില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് പോലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിചാര്‍ജില്‍നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.