സ്വാശ്രയ മെഡി. പ്രവേശനം; നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Friday 3 November 2017 1:59 am IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും കരാര്‍ ഉണ്ടാക്കുന്നത് നിയമവിരുദ്ധമെന്നു ഹൈക്കോടതി. ഇതിന് സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമത്തിലെ വ്യവസ്ഥ അസാധുവാക്കി. മാനേജ്‌മെന്റുകള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ ഫീസ് ശുപാര്‍ശ ചെയ്യാം. എന്നാല്‍, അത് നിശ്ചയിക്കാനുള്ള അധികാരം ഫീസ് നിര്‍ണയ സമിതിക്കാണെന്ന് കോടതി വ്യക്തമാക്കി. 2017 ലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നിയന്ത്രണ നിയമം ചോദ്യം ചെയ്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അടുത്ത വര്‍ഷം മുതല്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് നിശ്ചയിക്കണമെന്നും പ്രവേശനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രവേശനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയക്രമം നിശ്ചയിച്ചു നല്‍കി. അടുത്ത പ്രവേശനത്തിന് ഈമാസം പതിനഞ്ചിനകം സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് ശുപാര്‍ശ, രേഖകള്‍ എന്നിവ സമിതിക്ക് നല്‍കണം. ഡിസംബര്‍ പതിനഞ്ചിനകം കൂടുതല്‍ രേഖകള്‍ വേണമെങ്കില്‍ മാനേജ്‌മെന്റുകളോട് സമിതിക്ക് ആവശ്യപ്പെടാം. ഡിസംബര്‍ മുപ്പതിനകം മാനേജ്‌മെന്റുകള്‍ സമിതി ആവശ്യപ്പെട്ട രേഖകള്‍ നല്‍കണം. 2018 ഫെബ്രുവരി പതിനഞ്ചിനകം സമിതി ഫീസ് നിശ്ചയിക്കണം. 2018 മാര്‍ച്ച് പതിനഞ്ചിനകം ഇതു സംബന്ധിച്ച കേസും തര്‍ക്കങ്ങളും തീര്‍ക്കണം. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശന നടപടിയുമായി മുന്നോട്ടു പോകാം, വിധിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.