സിപിഎം സമ്മേളനങ്ങള്‍; പാനൂര്‍ മേഖല ഭീതിയില്‍

Thursday 2 November 2017 8:27 pm IST

പാനൂര്‍: സിപിഎം സമ്മേളനങ്ങള്‍. പാനൂര്‍ മേഖല ഭീതിയില്‍. അധികാരത്തണലില്‍ നടത്തുന്ന സിപിഎം സമ്മേളനങ്ങള്‍ പാനൂരിലും പരിസരത്തും വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിന് വേദിയാക്കുന്നു. പുത്തൂര്‍, പൊയിലൂര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ സിഐ അടക്കം നിരവധി പോലീസുകാര്‍ക്കും ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. വഴിനീളെ ഏറുമാടങ്ങള്‍ പണിതും പതാക നാട്ടിയും അലങ്കരിച്ചും ധൂര്‍ത്ത് നടത്തി കൊണ്ടാടുന്ന സമ്മേളനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സംഘര്‍ഷശ്രമം ആരംഭിച്ചിട്ടുളളത്. പുത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന് രണ്ടുദിവസം ബാക്കി നില്‍ക്കേയാണ് ആര്‍എസ്എസ് മേലെ കൈവേലിക്കല്‍ ശാഖാമുഖ്യശിക്ഷക് അര്‍ജുനിന്റെ വീടിനു നേരെ സിപിഎം ബോംബേറ് നടത്തിയത്. തുടര്‍ന്നായിരുന്നു കൈവേലിക്കല്‍ സംഘര്‍ഷമുണ്ടാകുന്നത്. പോലീസിനും സ്ത്രീകളടക്കമുളളവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ലോക്കല്‍ സമ്മേളനം വിജയിപ്പിക്കാന്‍ ലഭിച്ച അവസരമായി സംഘര്‍ഷം മാറ്റുകയായിരുന്നു സിപിഎം നേതൃത്വം പിന്നീട് ചെയ്തത്. ബിജെപി കൊടിമരങ്ങള്‍ പിഴുതും ബിജെപി കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചും എങ്ങിനെയെങ്കിലും സംഘര്‍ഷമുണ്ടാക്കുകയും മേഖലയില്‍ അശാന്തി പരത്താനുമാണ് ഇതുവരെ ശ്രമിച്ചിട്ടുളളത്. പാലക്കൂല്‍, വളളങ്ങാട്, പൊയിലൂര്‍, കൈവേലിക്കല്‍ എന്നീ സ്ഥലങ്ങളിലാണ് ലോക്കല്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കപ്പെട്ടത്. മൊകേരി ലോക്കല്‍സമ്മേളനം നാളെ മുതല്‍ വളളങ്ങാട് നടക്കും. മറ്റ് ലോക്കല്‍സമ്മേളനങ്ങള്‍ കഴിഞ്ഞത് സംഘര്‍ഷത്തോടു കൂടിയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിയും മറ്റുമായി ബിജെപി കേന്ദ്രങ്ങളിലൂടെ അഴിഞ്ഞാടിയ സിപിഎം പ്രവര്‍ത്തകര്‍ അക്രമം ക്ഷണിച്ചു വരുത്തുന്ന കാഴ്ചയാണ് പൊയിലൂരില്‍ കണ്ടത്. ഒരു സംഘടനയുടെ പ്രവര്‍ത്തനം വിലയിരുത്തി ചര്‍ച്ചയും പുതുനേതൃത്വത്തെയും തിരഞ്ഞെടുത്ത് നടത്തേണ്ട സമ്മേളനങ്ങള്‍ സംഘര്‍ഷത്തിനു വഴിമരുന്നിടുകയാണ് ചെയ്തിട്ടുളളത്. പാനൂര്‍ ഏരിയാ കമ്മറ്റി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ തന്നെ വ്യക്തമാകും സിപിഎമ്മിന്റെ നിലപാട്. മാക്കൂല്‍പീടികയില്‍ ബിജെപി സ്തൂപം തകര്‍ത്തതും തുടര്‍ന്ന് സംഘര്‍ഷത്തിനു ശ്രമിച്ചതും നാളെ നടക്കുന്ന മൊകേരി ലോക്കല്‍സമ്മേളനം വിജയിപ്പിക്കാനുളള നീക്കമായിരുന്നു. പുത്തൂര്‍, കൈവേലിക്കല്‍, മാക്കൂല്‍പീടിക, മേപ്പാട്, പൊയിലൂര്‍ ഭാഗങ്ങളില്‍ കൊടിമരങ്ങളും, സ്തൂപങ്ങളും തകര്‍ത്ത് സിപിഎം സമ്മേളനത്തിന് കൊഴുപ്പു കൂട്ടുകയാണ്. സിപിഎം സമ്മേളനങ്ങള്‍ കഴിഞ്ഞു തീരാന്‍ പ്രാര്‍ത്ഥിക്കുകയാണ് പാനൂര്‍ മേഖലയിലെ സമാധാനകാംക്ഷികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.