ഗെയില്‍ പദ്ധതി മുടക്കാന്‍ ശ്രമം: കുമ്മനം

Friday 3 November 2017 1:29 am IST

തിരുവനന്തപുരം: അക്രമാസക്തമായ സമരംനടത്തി ഗെയില്‍ പദ്ധതി മുടക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് അപലപനീയമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. 2007 ല്‍ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാനാകാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനോ കര്‍ഷകരുടെ ആശങ്ക അകറ്റാനോ നാളിതുവരെ സര്‍ക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികള്‍ മുതലെടുക്കുകയാണ്. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേട് മൂലമാണ്. പദ്ധതിയുടെ എല്ലാവശങ്ങളും ജനങ്ങളുമായി പങ്കുവച്ച് അവരെക്കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരുമുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യവിരുദ്ധരും മതമൗലികവാദികളുമൊക്കെ പ്രശ്‌നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളത്തോടൊപ്പം പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തില്‍ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാന്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.        

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.