പ്രഥമപൗരന്റെ ഏറ്റവും പ്രസക്തമായ നിര്‍ദ്ദേശം

Thursday 2 November 2017 10:55 pm IST

കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപന ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സാധാരണക്കാര്‍ക്ക് പൂര്‍ണനീതി ഉറപ്പാക്കാന്‍ കോടതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ പ്രാദേശിക ഭാഷകളില്‍ കഴിവതും മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയുടെ പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദ് നിര്‍ദ്ദേശിച്ചു! ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടും, പ്രാദേശിക ഭാഷാപോഷണത്തിന് പലതും ചെയ്തിട്ടും നിയമ കോടതികള്‍ ഇന്നും സായിപ്പിന്റെ ഭാഷയില്‍തന്നെ മുന്നോട്ടുപോവുകയാണല്ലോ! ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് ഇന്നും വക്കീലും സില്‍ബന്തികളും പറയുന്നതാണ് വേദവാക്യം! അതല്ലാതെ മറ്റുവഴിയില്ലല്ലോ! രാജ്യത്തെ വിവിധ കോടതികളിലും, ഹൈക്കോടതികളിലും സുപ്രീംകോടതിയില്‍ തന്നെയും എത്രമാത്രം കേസുകള്‍ വിചാരണകാത്ത്; വിധികാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നറിയുമ്പോള്‍ 'വൈകിയെത്തുന്ന നീതി അനീതിയാണെന്ന്' പുരപ്പുറത്തുകയറി കൊട്ടിഘോഷിക്കുന്ന നീതിപാലകരും നിയമപണ്ഡിതരും മൂക്കത്ത് വിരല്‍വച്ചുപോകും! ഇന്നും ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും സ്ഥലംമാറ്റ കാര്യത്തിലുമെല്ലാം 'കൊളീജിയവും' കേന്ദ്രസര്‍ക്കാരും സമാന്തരരേഖയില്‍തന്നെ സഞ്ചരിക്കുന്നു! നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിനൊക്കെ രമ്യമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിരുന്നു. എന്തായാലും സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്രാദേശിക ഭാഷയില്‍ മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന കേസിന്റെ വിധിപ്പകര്‍പ്പ് അനുഗ്രഹം തന്നെ. സംശയമില്ല. ഇന്ത്യയുടെ പ്രഥമ പൗരന്‍, ഇന്ത്യയിലെ ജനകോടികളുടെ മനസ്സറിയുന്ന മഹാമനസ്‌കനായത് നമ്മുടെ സുകൃതംതന്നെ!

സി.പി. ഭാസ്‌കരന്‍, നിര്‍മ്മല ഗിരി, കണ്ണൂര്‍

ഭാരത കാലഗണനാ രീതിയെ അവഹേളിക്കുന്നവര്‍ ഭാരതത്തില്‍ കാലഗണനാ രീതി പ്രകാരം അനേകം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നു കടന്നുപോയ സംവത്സരങ്ങള്‍ ശതലക്ഷങ്ങള്‍ക്കുപരിയാണ്. സൂര്യസംക്രമത്തെയധികരിച്ചുള്ള ഭാരതീയ കാലഗണനാ രീതിയാണ് ഇസ്ലാമിക രാഷ്ട്രങ്ങളൊഴികെയുള്ള ലോകരാജ്യങ്ങള്‍ സ്വായത്തമാക്കിയത്. ഒരുവര്‍ഷത്തിന് കുറഞ്ഞത് 364 ഉം, കൂടിയാല്‍ 365ഉം ദിവസങ്ങളടങ്ങിയ രീതിയാണിത്. ഭാരതത്തിലെ ചാന്ദ്ര സംക്രമത്തെയധികരിച്ചുള്ള കാലഗണനാ രീതി പൂര്‍ണമായി സ്വായത്തമാക്കിയിട്ടില്ല, ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗരവര്‍ഷത്തെയും ചാന്ദ്രസംവത്സരത്തെയും മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ 'അധിക'മാസം ചേര്‍ത്ത് ഭാരതം സമമാക്കുന്ന രീതി ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്വായത്തമാക്കിയിട്ടില്ലായെന്നുവേണം കരുതാന്‍. ഏഴുദിവസങ്ങള്‍ ചേര്‍ന്ന് ഒരു വാരം, 28 മുതല്‍ 32 ദിവസങ്ങള്‍ വരെയടങ്ങുന്ന ഒരുമാസം, 12 മാസങ്ങള്‍ ചേര്‍ന്ന ഒരു വര്‍ഷം (സംവത്സരം) പത്തുവര്‍ഷങ്ങള്‍ ചേര്‍ന്ന ദശകം, 100 വര്‍ഷങ്ങള്‍ ചേര്‍ന്ന ശതകം എന്നിവയാണ് എല്ലാ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന കാലഗണനാ രീതി. ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നതെങ്കിലും, സൂര്യന്‍ ഭൂമിയെ വലംവയ്ക്കുന്നുവെന്നു തോന്നുന്നതിനാലും, ചന്ദ്രനെ പൂര്‍ണഗ്രഹമായി കരുതിയതിനാലും, ഭൂമിയില്‍നിന്ന് ഈ രണ്ടുഗോളങ്ങളേയും വ്യക്തമായി കാണുവാന്‍ സാധിക്കുന്നതിനാലുമാണ് വാരത്തിന്റെ (ആഴ്ചയുടെ)ആദ്യദിവസത്തിന് സൂര്യന്റെ നാമവും രണ്ടാം ദിവസത്തിന് ചന്ദ്രന്റെ നാമവും (ഇംഗ്ലീഷില്‍ സണ്‍ഡെയെന്നും മണ്‍ഡെയെന്നും)നമ്മുടെ ഋഷിവര്യര്‍ നല്‍കിയത്. മൂന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങള്‍ക്കും ഗ്രഹങ്ങളുടെ പേരുകളാണ് നല്‍കിയത്. ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ നാമങ്ങള്‍ വാരത്തിന്റെ ബാക്കി ദിവസങ്ങള്‍ക്ക് അങ്ങനെയാണ് ലഭിച്ചത്. ഒരു മാസത്തെ ദിവസങ്ങളെ വാരദിവസങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കാലഗണനാ രീതിയെ കലണ്ടര്‍ (കാലാന്തരം എന്ന ഭാരതീയ നാമത്തില്‍ നിന്നുദ്ഭവിച്ചത്)എന്ന പേരിനാലാണ് ഇന്ന് ലോകം അറിയുന്നത്. ഈ കലണ്ടറില്‍ അച്ചടിക്കുന്ന വാരാദ്യ ദിവസം ഞായറും (സണ്‍ഡെ) അവസാന ദിവസം ശനിയും (സാറ്റര്‍ഡെ) ആണ്. എന്നാല്‍ ഭാരതത്തിന്റെ ഈ ശാസ്ത്രീയമായ രീതിയെ അവഗണിച്ച്, ആ രീതിയെ ഇകഴ്ത്താനുദ്ദേശിച്ചാണോയെന്നറിയില്ല, ചില സ്ഥാപനങ്ങള്‍ കലണ്ടര്‍ അച്ചടിച്ചിറക്കിയിട്ടുണ്ട്. 'സണ്‍ഡെ' അല്ല ആ കലണ്ടറുകളിലെ വാരാദ്യ ദിവസം, 'മണ്‍ഡെ'യാണ്. 'സാറ്റര്‍ഡെ'യ്ക്കുശേഷം വാരാവസാന ദിവസമാക്കി അച്ചടിച്ചിരിക്കുകയാണ്, 'സണ്‍ഡെ'യെ അവര്‍. ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനയെ അവഹേളിക്കുന്ന രണ്ടു സ്ഥാപനങ്ങളുടെ 2017-ലെ കലണ്ടര്‍ ഞാന്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ എന്റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ കാണുകയുണ്ടായി. എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍ ആന്റ് മൈനിങ് മെഷിനറി എന്ന സ്ഥാപനമാണ് ആ രണ്ടു സ്ഥാപനങ്ങളിലൊന്ന്. ഭാരത സര്‍ക്കാരിന്റെ രാജ്യരക്ഷാ സ്ഥാപനങ്ങളിലൊന്നാണ് രണ്ടാമത്തെ സ്ഥാപനം. യുഗയുഗങ്ങളായി ഭാരതീയര്‍ ഉപയോഗിച്ചുവരുന്ന, ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനാ രീതിയെ അവഹേളിച്ച് കലണ്ടര്‍ ഇറക്കിയ ഇതുപോലത്തെ സ്ഥാപനങ്ങള്‍, അവരുടെ തെറ്റുമനസ്സിലാക്കി 2018 മുതല്‍ക്കുള്ള വാര്‍ഷിക കലണ്ടറില്‍ ഞായറാഴ്ചയെതന്നെ വാരാദ്യ ദിനമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.