ഗെയില്‍ വിരുദ്ധ സമരം: അക്രമത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍

Friday 3 November 2017 12:57 am IST

ഡിജിപി രാജേഷ് ദിവാന്‍ മുക്കത്ത് ഗെയില്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു (ഇടത്ത്)
ഗെയില്‍ വിരുദ്ധസമരക്കാര്‍ റോഡ് തടസ്സപ്പെടുത്തി തീയിട്ടപ്പോള്‍ കുടുങ്ങിക്കിടക്കുന്ന ആംബുലന്‍സ്‌

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം അക്രമാസക്തമായതിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസ്. പോലീസ് സ്റ്റേഷന്‍ ഉപരോധത്തിന്റെ മറവില്‍ സ്റ്റേഷന്‍ ആക്രമണമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി. കല്ലും വടിയും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ സമരക്കാര്‍ എത്തിയത്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായും സംശയമുണ്ടെന്നും വടകര റൂറല്‍ എസ്പി പുഷ്‌കരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാണ് തീരുമാനം.

നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കുകയാണ് ചെയ്തത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമരത്തിന് പിന്നിലെ തീവ്രവാദസ്വഭാവമുള്ള സംഘടനകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ഡിജിപി രാജേഷ് ദിവാന്‍ ഇന്നലെ മുക്കത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മുക്കം സ്റ്റേഷനിലെത്തിയ അദ്ദേഹം റൂറല്‍ എസ്പി പുഷ്‌ക്കരന്‍, ഡിവൈഎസ്പി സജീവന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. പ്രവൃത്തി തുടരുന്നതിനാവശ്യമായ പോലീസ് സംരക്ഷണം നല്കാനാണ് പോലീസിന്റെ തീരുമാനം. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്ന് പോലീസിനെ എത്തിച്ച് സംരക്ഷണം ഉറപ്പാക്കും.

പ്രതിഷേധത്തിനിടയിലും ഇന്നലെ മുക്കത്ത് ഗെയിലിന്റെ പൈപ്പിടല്‍ പ്രവൃത്തി തടസ്സമില്ലാതെ നടന്നു. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് പ്രവൃത്തി നടന്നത്. വന്‍ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവൃത്തി.

പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് യുഡിഎഫും ആക്ഷന്‍ കമ്മിറ്റിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. പലയിടങ്ങളിലും റോഡ് ഗതാഗതം ഹര്‍ത്താല്‍ അനുകൂലികള്‍ തടസ്സപ്പെടുത്തി. കൂടുതല്‍ പോലീസെത്തിയാണ് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിട്ടത്. ചില സ്ഥലങ്ങളില്‍ സമരക്കാര്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് കാണാനായത്.

ജനങ്ങളുടെ ആശങ്കയകറ്റിയും മതിയായ നഷ്ടപരിഹാരം നല്‍കിയും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകരുടെയും തദ്ദേശവാസികളുടെയും ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നടപടികളിലെ അവ്യക്തത മുതലെടുത്ത് സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള വര്‍ഗ്ഗീയ-വിധ്വംസക ശക്തികളുടെ നീക്കം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ ഊര്‍ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയിലിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോണ്‍ഗ്രസ്-ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത് ഗൗരവമായ പ്രശ്‌നമാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.