ബത്തേരി: ബത്തേരിയില്‍ 59.91 ലക്ഷം കുഴല്‍പണവുമായി രണ്ട് പേര് പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് (51), ഷാഹിദ് (28) എന്നിവരാണ് പോലിസ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയില്‍ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചരയോടെ ബത്തേരി പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കാറില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. കാറിന്റെ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് പണം സൂക്ഷിച്ചത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റേയും കെട്ടുകളായാണ് സൂക്ഷിച്ചിരുന്നത്.
അമ്പത് ലക്ഷത്തോളം രൂപ രണ്ടായിരത്തിന്റെയും ബാക്കി തുക അഞ്ഞൂറിന്റെയും നോട്ടുകളാണ്. കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലിസ് പറഞ്ഞു. പ്രതികളെ ബത്തേരി കോടതിയില്‍ ഹാജരാക്കും.
രേഖകളില്ലാതെ കടത്തിയ 20 ലക്ഷത്തോളം രൂപ ചൊവ്വാഴ്ച്ച മുത്തങ്ങ എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: