ഡീസല്‍ വില കൂട്ടി

Thursday 13 September 2012 11:11 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വീണ്ടും അഞ്ച്‌ രൂപ വര്‍ദ്ധിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. എന്നാല്‍ പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ തത്ക്കാലം വര്‍ദ്ധനവ്‌ വരുത്തിയിട്ടില്ല. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയാണ്‌ ഡീസല്‍ വില കൂട്ടാന്‍ തീരുമാനമെടുത്തത്‌. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ പാചകവാതകത്തിന്റെ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനും സമിതി തീരുമാനിച്ചു. സര്‍ക്കാര്‍ സബ്സിഡിയോടെ വര്‍ഷത്തില്‍ ആറ്‌ സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ. കൂടുതല്‍ ആവശ്യമുള്ളവര്‍ അധിക വില നല്‍കേണ്ടി വരും. ഇത്തരത്തില്‍ വാങ്ങുന്നവര്‍ക്ക്‌ സിലിണ്ടറൊന്നിന്‌ 750 രൂപയില്‍ കൂടുതല്‍ നല്‍കേണ്ടി വരും.
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്‌ ഒഴിവാക്കാനാകില്ലെന്ന്‌ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചക്ക്‌ ശേഷമാണ്‌ ഇന്ധനവില വര്‍ദ്ധനവ്‌ ഉടന്‍ ഉണ്ടാകുമെന്ന്‌ പെട്രോളിയം മന്ത്രി വ്യക്തമായ സൂചന നല്‍കിയത്‌. എന്നാല്‍ വിലവര്‍ദ്ധനവ്‌ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി തത്ക്കാലം പരിഗണിക്കുന്നില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും മൂലം എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും വിലവര്‍ദ്ധനവ്‌ അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നുമാണ്‌ പെട്രോളിയം മന്ത്രാലയത്തിന്റെ വാദം. കഴിഞ്ഞ ജൂലൈയില്‍ ഡീസലിന്‌ ലിറ്ററിന്‌ മൂന്ന്‌ രൂപ കൂട്ടിയിരുന്നു.
ഡീസല്‍ ലിറ്ററിന്‌ 19 രൂപയുടെ നഷ്ടത്തിലാണ്‌ വിപണനം നടക്കുന്നതെന്നും ഡീസല്‍ വില ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തോട്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എണ്ണക്കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 60 ശതമാനവും ഡീസല്‍ വില്‍പ്പനയിലൂടെയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ എണ്ണക്കമ്പനികള്‍ ഭീമമായ നഷ്ടത്തിലേക്ക്‌ പതിക്കുമെന്നുമാണ്‌ കമ്പനിമേധാവികളുടെ വിലയിരുത്തല്‍. ഡീസല്‍ വില കൂട്ടിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്ന്‌ കേന്ദ്രധനകാര്യമന്ത്രാലയം എണ്ണക്കമ്പനികളെ പിന്തുണച്ച്‌ പ്രതികരിച്ചിരുന്നു. ഇന്ധന സബ്സിഡി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ വില വര്‍ദ്ധനവ്‌ അനിവാര്യമാണെന്നും കേന്ദ്രധനമന്ത്രാലയം അവകാശപ്പെടുന്നു. ഡീസലിന്റയും പാചകവാതകത്തിന്റെയും വില്‍പ്പനയിലൂടെ എണ്ണക്കമ്പനികള്‍ക്ക്‌ പ്രതിദിനം 560 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നതെന്നും സര്‍ക്കാരുകള്‍ മാറിമാറി വന്നാലും എണ്ണക്കമ്പനികള്‍ സുഗമമായി പ്രവര്‍ത്തിക്കേണ്ടത്‌ രാജ്യത്തിന്റെ ആവശ്യമാണെന്നുമാണ്‌ എണ്ണമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്‌.
അതേസമയം ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ യുപിഎ സഖ്യകക്ഷികളില്‍ നിന്നുപോലും ശക്തമായ പ്രതിഷേധമുയര്‍ന്നു. ബിജെപിയും ഇടതുപാര്‍ട്ടികളും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തീരുമാനം തന്നെ ഞെട്ടിച്ചെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി പ്രതികരിച്ചു. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ആഘാതമാണിതെന്ന്‌ ബിജെപി നേതാവ്‌ അനന്ത്‌ കുമാര്‍ പ്രതികരിച്ചു. വിലവര്‍ദ്ധനവ്‌ പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുന്നറിയിപ്പ്‌ നല്‍കി. അതേസമയം, സര്‍ക്കാര്‍ ശരിയായ തീരുമാനമാണെടുത്തതെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവ്‌ സി .രംഗരാജന്‍ പ്രതികരിച്ചു. തീരുമാനം സ്വാഗതാര്‍ഹമാണെന്നും നിലനിലെ പ്രതസന്ധിക്ക്‌ അയവ്‌ വരുത്താന്‍ തീരുമാനം സഹായകമാകുമെന്നും എണ്ണക്കമ്പനികള്‍ പ്രതികരിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.