എംആര്‍ വാക്‌സിനേഷന്‍: മുഖംതിരിച്ച് മലപ്പുറം

Friday 3 November 2017 8:18 am IST

മലപ്പുറം: പ്രതിരോധ കുത്തിവെയ്പ്പുകളെ അകറ്റി നിര്‍ത്തുന്ന പതിവ് ഇത്തവണയും മലപ്പുറം തെറ്റിച്ചില്ല. ഇന്ന് അവസാനിക്കുന്ന എംആര്‍(മീസില്‍സ്-റൂബല്ല) വാക്‌സിനേഷന്‍ കാമ്പയിനില്‍ മലപ്പുറത്ത് കുത്തിവെയ്‌പ്പെടുത്തത് 38 ശതമാനം കുട്ടികള്‍ മാത്രം. എംആര്‍ വാക്സിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം കാമ്പയിനെ ദോഷകരമായി ബാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മതാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന ചിലരുടെ പ്രചാരണവും ആളുകളെ പിന്നോട്ട് വലിച്ചു. മത പണ്ഡിതന്മാരുടെ യോഗം വിളിച്ച് ഇതിന് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ 28ന് മതനേതാക്കളുടെ യോഗത്തില്‍ സംസാരിക്കാന്‍ ഡിഎംഒ ഡോ.കെ. സക്കീന എത്തിയെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. ഒരു സ്ത്രീയുടെ പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ സംസാരിച്ചാല്‍ യോഗം ബഹിഷ്‌ക്കരിക്കുമെന്നും ചില നേതാക്കള്‍ അറിയിച്ചതോടെ ഡിഎംഒ തിരിച്ചുപോയി. പ്രതിരോധ കുത്തിവെപ്പുകളെ മതവുമായി കൂട്ടിക്കുഴച്ച് എതിര്‍ക്കുന്ന രീതി മലപ്പുറത്ത് പതിവായിരിക്കുകയാണ്. സമീപകാലത്ത് മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്ന് പിടിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പുകളെ അകറ്റി നിര്‍ത്തിയതിന്റെ അനന്തരഫലമാണ് പകര്‍ച്ചവ്യാധികള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് എംആര്‍ വാക്‌സിന്‍ എടുത്തത് 59 ശതമാനം കുട്ടികളാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്തനംതിട്ട ജില്ലയിലാണ്, 87 ശതമാനം. തെക്കന്‍ ജില്ലകള്‍ കാമ്പയിനോട് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ വടക്കന്‍ ജില്ലകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ്. ജില്ല തിരിച്ചുള്ള ശതമാന കണക്ക് ഇങ്ങനെ: തിരുവനന്തപുരം (74), കൊല്ലം(68), പത്തനംതിട്ട(87), ആലപ്പുഴ(80), കോട്ടയം(71), ഇടുക്കി(77), എറണാകുളം (62), തൃശൂര്‍(64), പാലക്കാട് (56), മലപ്പുറം(38), കോഴിക്കോട് (48), വയനാട് (69). കണ്ണൂര്‍(50), കാസര്‍കോട്(56).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.