ഗെയില്‍: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; തയാറല്ലെന്ന് സമരക്കാര്‍

Friday 3 November 2017 4:31 pm IST

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരക്കാരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നവംബര്‍ ആറിന് കളക്ട്രറേറ്റില്‍ സര്‍വ്വകക്ഷി യോഗം ചേരും. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് ചര്‍ച്ച വിളിച്ചത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്താതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി അറിയിച്ചു. നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനും കർഷകരുടെ ആശങ്ക അകറ്റാനുമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടായതാണെന്നാണ് പരക്കെയുള്ള വിമര്‍ശനം. അതിനാല്‍ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്ക് വച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാനാണ് സർക്കാർ ശ്രമം. ഗെയില്‍ വിരുദ്ധ സമരം അക്രമാസക്തമായതിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കുകയാണ് ചെയ്തത്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായും സംശയമുണ്ടെന്നും വടകര റൂറല്‍ എസ്പി പുഷ്‌കരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാണ് തീരുമാനം. പ്രതിഷേധത്തിനിടയിലും ഇന്നലെ മുക്കത്ത് ഗെയിലിന്റെ പൈപ്പിടല്‍ പ്രവൃത്തി തടസ്സമില്ലാതെ നടക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റിയും മതിയായ നഷ്ടപരിഹാരം നല്‍കിയും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.