ജനജാഗ്രതാ യാത്ര കഴിഞ്ഞു; സര്‍ക്കാറിനെതിരെ കാനം വീണ്ടും പോരിന്

Friday 3 November 2017 6:11 pm IST

കൊച്ചി: പിണറായി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ പോരിനിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയം, ഗെയില്‍ പദ്ധതിസമരക്കാര്‍ക്കെതിരായ പോലീസ് നടപടി, അതിരപ്പിള്ളി പദ്ധതി തുടങ്ങിയ വിഷയം ഉന്നയിച്ചായിരിക്കും കാനം സര്‍ക്കാറിനെതിരെ വിമര്‍ശമുന്നയിക്കുക. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനായി നടത്തിയ ജനജാഗ്രതായാത്രയ്ക്കിടെ കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചാല്‍, മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്നാണ് കാനം ഇന്നലെ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ജനജാഗ്രതായാത്രയ്ക്കുശേഷം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുമെന്ന വ്യക്തമായ സൂചനയാണ് കാനം ഇതിലൂടെ നല്‍കുന്നത്. ജനജാഗ്രതായാത്രയ്ക്ക് ആലപ്പുഴ പൂപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ മന്ത്രി തോമസ് ചാണ്ടി താന്‍ ഭൂമി കൈയേറിയെന്ന് തെളിയിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും കഴിയില്ലെന്ന് വെല്ലുവിളിച്ചിരുന്നു. ഇതില്‍ കാനത്തിന് അതൃപ്തിയുണ്ട്. 'തോമസ് ചാണ്ടിക്ക് അന്ന് ആ വേദിയില്‍ മറുപടി കൊടുക്കാതിരുന്നത് ജനജാഗ്രതാ യാത്ര ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ളതായതുകൊണ്ടാണ്. അല്ലാതെ, ചാണ്ടിക്ക് മറുപടികൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല'. കാനത്തിന്റെ ഈ വാക്കുകളില്‍ നിന്ന് ജനജാഗ്രതായാത്രയ്ക്കുശേഷം കടുത്ത നിലപാട് എടുക്കുമെന്ന വ്യക്തമായ സന്ദേശമുണ്ട്. തോമസ് ചാണ്ടിയുടെ ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയുടെ തീരുമാനങ്ങളെ അട്ടിമറിച്ച അഡ്വക്കറ്റ് ജനറലിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നടപടിയും കാനം ആയുധമാക്കും. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുക്കത്ത് സമരക്കാര്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിലും കാനത്തിന് അതൃപ്തിയുണ്ട്. യുഡിഎഫ് ഭരണകാലത്തും പോലീസ് രാജ് ഉണ്ടായിട്ടുണ്ട്. അത് ഈ സര്‍ക്കാറിന്റെ കാലത്തുമുണ്ട്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നോക്കേണ്ടതെന്ന നിലപാടാണ് കാനത്തിന്. പോലീസുകാരെ മുഖ്യമന്ത്രി ഇടയ്ക്കിടെ വിളിച്ച് ഉപദേശിക്കാറുണ്ടെങ്കിലും ഇനിയും അവരെ നന്നാക്കാനുണ്ടെന്ന സൂചനയും കാനം നല്‍കി. ഗെയില്‍ പദ്ധതി സമരക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന്‌തോന്നുന്നില്ലെന്നും കാനം വ്യക്തമാക്കുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതിനെയും കാനം വിമര്‍ശിച്ചു. ഒരു ട്രാന്‍സ്‌ഫോര്‍ വെച്ചതുകൊണ്ട് പദ്ധതി നടപ്പാക്കാനാകില്ല. വനം ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു പദ്ധതിയെയും സിപിഐ അനുകൂലിക്കില്ല. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്നും കാനം വ്യക്തമാക്കുന്നു. പങ്കാളിത്തം കുറഞ്ഞതും വിമര്‍ശകനെന്ന പേര് ദോഷത്താല്‍ കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതായയാത്രയില്‍ പലയിടങ്ങളിലും പങ്കാളിത്തം കുറഞ്ഞത് ഇടത് സര്‍ക്കാര്‍ നടപടിയെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ആളായതിനാലെന്ന് സൂചന. കാനം രാജേന്ദ്രന്റെ യാത്രയില്‍ നിന്ന് മൂവാറ്റുപുഴയിലും കോലഞ്ചേരിയിലും സിപിഎം അണികളില്‍ ഏറിയ പങ്കും വിട്ടുനിന്നിരുന്നു. തുടക്കത്തിലെ ആവേശം നിലനിര്‍ത്താന്‍ ഇന്നലെ എറണാകുളത്ത് സമാപിച്ച ദക്ഷിണ മേഖലാ യാത്രയ്ക്ക് കഴിഞ്ഞതുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.