എല്‍ഡിഎഫും യുഡിഎഫും കള്ളപ്പണക്കാരുടെ ഏജന്റുമാര്‍: പി.കെ. കൃഷ്ണദാസ്

Friday 3 November 2017 7:13 pm IST

നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍, ജിഎസ്ടിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എല്‍ഡിഎഫും യുഡിഎഫും കള്ളപ്പണക്കാരുടെ ഏജന്റുമാരാണെന്നും, അതുകൊണ്ടാണ് നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും അവര്‍ എതിര്‍ക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ‘നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍, ജിഎസ്ടിയുടെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ടുനിരോധനത്തെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ചും തെറ്റായ ധാരണകളാണ് പലര്‍ക്കുമുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പരിഷ്‌കരണങ്ങള്‍ക്കെതിരെ കുപ്രചാരണം നടത്തി. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്ര താല്പര്യത്തിന് മുന്‍ഗണന കൊടുക്കുന്ന പ്രതിപക്ഷമായിരുന്നു ഉണ്ടായിരുന്നതെന്ന് കാണാം. ഇന്നാകട്ടെ അന്ധമായ ബിജെപി വിരോധത്തിന്റെയും മോദി വിരോധത്തിന്റെയും പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ദേശവിരുദ്ധതയിലേയ്ക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസ്സ്, ഇടതു നേതാക്കളുടെ അടുത്ത കാലത്തുകേട്ട പ്രസംഗങ്ങള്‍ മാത്രം എടുത്താല്‍ ഇക്കാര്യം മനസിലാകും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ച രോഗത്തെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്‌കാരങ്ങള്‍കൊണ്ട് സാധിച്ചു. സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായി. ആദായ നികുതി വരുമാനത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടു. ചൈനയെ പിന്തള്ളിയായിരുന്നു ഈ നേട്ടം. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ഗുണഫലം നമുക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജയമോഹന്‍ നായര്‍, മണികണ്ഠന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. എന്‍.കെ. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.