ആന എഴുന്നള്ളിപ്പിന് കര്‍ശന നിബന്ധനകള്‍

Friday 3 November 2017 8:57 pm IST

ആലപ്പുഴ: ഉത്സവത്തിനും മറ്റും ആനയെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ ഉത്സവ ഭാരവാഹികളും ആന ഉടമസ്ഥരും വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചര്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ എന്നിവരെ അറിയിക്കണം എന്നതടക്കം ആന എഴുന്നള്ളിപ്പിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതായി നാട്ടാന പരിപാലന ജില്ലാ സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ എഴുന്നള്ളിപ്പിന് അനുവദിക്കില്ല. ആനകളുടെ ഡേറ്റാ ബുക്കിന്റെ അസല്‍, ഇന്‍ഷുറന്‍സ്, മൈക്രോചിപ്പ് -ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, 15 ദിവസത്തിനകമുള്ള ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. വനം-വന്യജീവി, പോലീസ്, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കും. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരേ ആനയെ ഉപയോഗിക്കാന്‍ പാടില്ല. എഴുന്നള്ളിപ്പിന് മുമ്പും പിമ്പും ആനകള്‍ക്ക് തീറ്റയും വെള്ളവും നല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ ഉറപ്പു വരുത്തണം. ആനകളുടെ കാലില്‍ വെയിലിന്റെ ചൂട് ഏല്‍ക്കാതിരിക്കുന്നതിന് സൗകര്യം ഒരുക്കണം. തിടമ്പേറ്റിയ ആനയുടെ പുറത്ത് നാലില്‍ കൂടുതല്‍ പേര്‍ കയറാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ല. കരിമരുന്ന് പ്രയോഗം ആരംഭിക്കുന്നതിന് മുമ്പ് ആനകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഉറപ്പുവരുത്തണം. ഇടയുന്ന ആനകളെ മയക്കുവെടി വയ്ക്കുന്നതിനുള്ള തോക്ക്, മരുന്ന് എന്നിവയും പരിശീലനം നേടിയ വെറ്ററിനറി ഡോക്ടര്‍മാരും ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സാജു ജോസഫ് പറഞ്ഞു. 2012ല്‍ ആനയെ ഉപയോഗിച്ചിരുന്ന 235 പൂരങ്ങള്‍ക്കുമാത്രമാണ് തുടര്‍ന്നും ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമി ജോസഫ് പറഞ്ഞു. 20 ആനകളാണ് ജില്ലയില്‍ ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.