ആയുധധാരികളുടെ ഭീഷണി: ആറു പേര്‍ക്കെതിരെ കേസെടുത്തു

Friday 3 November 2017 10:03 pm IST

വൈത്തിരി: പൊഴുതന മേല്‍മുറിയില്‍ ആയുധധാരികളുടെ ഭീഷണിയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും ആയുധനിയമ പ്രകാരവുമാണ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊഴുതന മേല്‍മുറിയില്‍ കൊടിയാടന്‍ മൊയ്തീന്റെ വീട്ടിലേക്ക് സൈനിക വേഷത്തില്‍ തോക്കുമായി ആറുപേര്‍ എത്തിയത്. വീട്ടിലെത്തിയ സംഘം ഉറങ്ങുകയായിരുന്ന മൊയ്തീനെ വിളിച്ചുണര്‍ത്തുകയും തോക്കുചൂണ്ടി തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും ഒച്ചവെക്കരുതെന്ന് പറയുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പരാതി. വീട്ടില്‍ ഭക്ഷണമില്ലെന്ന് പറഞ്ഞപ്പോള്‍ മൊയ്തീന്‍ നടത്തുന്ന പെട്ടിക്കടയില്‍ കൊണ്ടുപോകുകയും കട തുറപ്പിച്ച് റസ്‌ക്, ബണ്ണ്, പഞ്ചസാര, തേയില എന്നിവ എടുത്തുകൊണ്ടുപോകുകയും ചെയ്തതായി മൊയ്തീന്‍ വൈത്തിരി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഘം ഏകദേശം ഒരു മണിക്കൂറോളം സ്ഥലത്തുണ്ടായിരുന്നുവെന്നും പിന്നീട് കുറിച്യാര്‍മല വനത്തിലേക്ക് കടന്നതായും മൊയ്തീന്‍ അറിയിച്ചു. നന്നായി മലയാളം സംസാരിക്കുന്നവര്‍ സംഘത്തിലുണ്ടായിരുന്നതായും പറയുന്നു. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.