മേപ്പയ്യൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്

Friday 3 November 2017 10:08 pm IST

മേപ്പയ്യൂര്‍/പേരാമ്പ്ര: മേപ്പയ്യൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിന് സമീപമാണ് ബസ് അപകടത്തില്‍പ്പെട്ടത്. പേരാമ്പ്രയില്‍ നിന്ന് പയ്യോളി വഴി വടകരയിലേക്ക് പോകുകയായിരുന്ന കെഎല്‍-17 9091 ജീസസ് ബസാണ് അപകടത്തില്‍പ്പെട്ടത്. 16 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാല് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (70), ആലത്തൂര്‍ ഫ്രാങ്കഌന്‍ (64), ഒറ്റകണ്ടം ബീരാന്‍കുട്ടി (60), ലസിത ( 62 ), നിഷ (58), ഊളേരി വത്സല (48), ദീപ (32). പേരാമ്പ്ര നീലാംബരിയില്‍ രേഖ(32), തോലേരി ഗോവിന്ദന്‍ (62), ഇരിങ്ങത്ത് ഗോപാലന്‍ (55), തോലേരി റസീന (40), തോലേരി രാധ(58), അഞ്ചാംപീടിക അമൃത (29), മോളി (34), ശബരിഷ്, ശങ്കരന്‍ (64), വാല്യക്കോട് അനീഷ് (29), പള്ളികുനി മോളി(34), ലിബിന്‍, ജയചന്ദ്രന്‍ (40), ശുഭശ്രീ (36) എന്നിവരാണ് ആ ശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിരാമന്‍ നമ്പ്യാരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട ബസ് സമീപത്തെ മതിലിലിടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. രാവിലെ പത്തേകാലോടെയായിരുന്നു അപകടം. ഈ റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനം മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നാലായിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌ക്കൂളിനടുത്തു കൂടി പോകുന്ന എല്ലാ ബസുകളും അമിത വേഗതയിലാണ് പോകാറെന്ന് ആക്ഷേപമുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സമീപത്തെ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക് ഗുരുതരമായ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസും, പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.