സദനം ബാലകൃഷ്ണന് കലാമണ്ഡലം ഫെല്ലോഷിപ്പ്; മഞ്ജുവാര്യര്‍ക്ക് പുരസ്‌കാരം

Friday 3 November 2017 10:11 pm IST

തൃശൂര്‍: കേരള കലാമണ്ഡലം ഫെല്ലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. നടിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ക്ക് എം.കെ.കെ. നായര്‍ പുരസ്‌കാരം നല്‍കും. 30,000 രൂപയും ഫലകവും കീര്‍ത്തി പത്രവുമാണ് പുരസ്‌കാരം. കലാരത്നം പുരസ്‌കാരത്തിന് ഡോ. സുനന്ദനായര്‍ അര്‍ഹയായി. പതിനായിരം രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് കലാരത്നം. പ്രൊഫ. ജോര്‍ജ് എസ്. പോളിനാണ് മുകുന്ദരാജ സ്മൃതി പുരസ്‌കാരം. കഥകളി വേഷത്തില്‍ കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കഥകളി സംഗീതത്തില്‍ കലാമണ്ഡലം എം. ഗോപാലകൃഷ്ണന്‍ എന്നിവരും അര്‍ഹരായി. 24 പേര്‍ക്കാണ് കലാമണ്ഡലം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാസം ഒമ്പതിന് വൈകീട്ട് നാലിന് കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍: ചെണ്ട-കലാനിലയം കുഞ്ചുണ്ണി, മദ്ദളം-കലാമണ്ഡലം കുട്ടിനാരായണന്‍, ചുട്ടി-കലാമണ്ഡലം സതീശന്‍, തിമില-പെരിങ്ങോട് ചന്ദ്രന്‍, നൃത്തം-കലാമണ്ഡലം ശ്രീദേവി, തുള്ളല്‍-കലാമണ്ഡലം ബാലചന്ദ്രന്‍, മിഴാവ്-കലാമണ്ഡലം വി. അച്യുതാനന്ദന്‍, മൃദംഗം-കലാമണ്ഡലം പി. കൃഷ്ണകുമാര്‍, കൂടിയാട്ടം-മാണി ദാമോദര ചാക്യാര്‍, കലാഗ്രന്ഥം-ഞായത്ത് ബാലന്‍, ഡോക്യുമെന്ററി-രാജന്‍ കാരിമൂല, യുവപ്രതിഭ അവാര്‍ഡ്-കലാമണ്ഡലം സൂരജ്, പൈങ്കുളം സ്മാരക പുരസ്‌കാരം-കലാമണ്ഡലം കനകകുമാര്‍, വടക്കന്‍ കണ്ണന്‍ നായരാശാന്‍ സ്മൃതി പുരസ്‌കാരം-കലാമണ്ഡലം ശ്രീജ വിശ്വം, ഡോ. വി.എസ്.ശര്‍മ എന്‍ഡോവ്മെന്റ്-കലാമണ്ഡലം സംഗീത പ്രസാദ്, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്മെന്റ്-കലാമണ്ഡലം ഹരി ആര്‍.നായര്‍, കെ.എസ്.ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം-അമ്പലപ്പുഴ സുരേഷ് വര്‍മ, മാര്‍ഗി സതിക്ക് മരണാനന്തര ബഹുമതി നല്‍കാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.