ആദ്യമുണ്ടായത് കോഴിയോ മുട്ടയോ? കുട്ടി ശാസ്ത്രജ്ഞരുടെ സംശയം തീര്‍ന്നു

Friday 3 November 2017 10:20 pm IST

കൊച്ചി: ശാസ്ത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് ഓരുപാട് അറിയാനുണ്ടായിരുന്നു. അറിയപ്പെടുന്ന ശാസ്ത്രജ്ഞരെ ഒരുമിച്ചി കിട്ടിയപ്പോള്‍ അവര്‍ സംശയങ്ങളുടെ അമ്പുതൊടുത്തു. ജന്മഭൂമിയും വിജ്ഞാന്‍ ഭാരതിയുടെ സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കെ)യില്‍ കുട്ടികള്‍ ശാസ്ത്രജ്ഞരുമായി സംവദിച്ചു. ഡോ.വിജയകുമാര്‍, ഡോ. പ്രേമ എ.കെ, ഡോ. സി. രാമചന്ദ്രന്‍, ഡോ. മനോജ് പി. സാമുവല്‍, ഡോ. കെ. ഗോപകുമാര്‍, ഡോ. മോഹനന്‍, ഡോ. വേണു നായര്‍, ഡോ. വി.എന്‍. സജീവന്‍, ഡോ. ചക്രപാണി ശശിധരന്‍, ഡോ. എന്‍.ജി.കെ. പിള്ള, ഡോ. ആര്‍. സജീവ്, ഡോ. ടി.വി. സജീവ് തുടങ്ങിയവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മുന്‍ ഡിഎഫ്ഒ ഡോ. ഇന്ദുചൂഡന്‍ സംവാദം നിയന്ത്രിച്ചു. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തില്‍ തുടങ്ങി ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്. സയന്‍സ് ഒരു പാഠ്യവിഷയമാണോ, എങ്ങനെ പഠിക്കും? അതെ, സയന്‍സ് എന്നത് സത്യം കണ്ടെത്തലാണ്. സയന്‍സും ടെക്‌നോളജിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതില്‍ അധികം ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയാണ്. സയന്‍സ് നമ്മുക്ക് ചുറ്റുമുള്ളതിനെ, പ്രകൃതിയെ വിശദീകരിക്കുന്നതിനുവേണ്ടിയാണ്. ടെക്‌നോളജിയെന്നത് നമ്മുക്ക് അറിയുന്ന സയന്‍സിനെ ഉപയോഗിച്ച് ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതാണ്. ഒരു ശാസ്ത്രജ്ഞന്‍ തീവ്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടാല്‍, ഭ്രാന്ത് പിടിക്കുമോ? പിടിച്ചാല്‍ രക്ഷപ്പെടാന്‍ എന്തുചെയ്യാനാകും? ഇല്ല, ശാസ്ത്രജ്ഞരുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ദിവസം ആവര്‍ത്തിക്കില്ല. ഒരു ദിവസം ഞാന്‍ കാട് സന്ദര്‍ശിക്കുകയായിരിക്കും, അടുത്ത ദിവസം പരീക്ഷണശാലയില്‍ പരീക്ഷണം നടത്തുകയായിരിക്കും, അടുത്ത ദിവസം എന്റെ മൈക്രോസ്‌കോപ്പിലൂടെ പുതിയ കാഴ്ചകള്‍ കാണുകയായിരിക്കും, അടുത്ത ദിവസം ഞാന്‍ ചിത്രം വരയ്ക്കുകയായിരിക്കും.. അങ്ങനെ അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഒരു ദിവസംപോലും ആവര്‍ത്തിക്കാത്തതാണ് ഒരു ശാസ്ത്രജ്ഞന്റേത്. മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കോഴിയാണ് ആദ്യം ഉണ്ടായത്. ജീവജാലങ്ങളെയെല്ലാം ദൈവം ഒരു ദിവസം സൃഷ്ടിച്ചു എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. കോഴിയാണ് ആദ്യമുണ്ടായത്, അതിന്റെ തൊട്ട് മുമ്പുള്ള ജീവിയില്‍ നിന്ന് പരിണമിച്ചാണ് അത് സംഭവിച്ചത്. മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായത് പോലെ. മുട്ടയെന്നത് ജിനോ ടൈപ്പാണ്, കോഴി ഫിനോടൈപ്പാണ്. ഫിനോടൈപ്പിലാണ് ആദ്യം വ്യത്യാസങ്ങള്‍ കാണുന്നത്. അത്തരത്തില്‍ നോക്കിയാല്‍ കോഴിയാണ് ആദ്യം ഉണ്ടായത്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം? അതിരപ്പള്ളി പദ്ധതി 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ദ്ദേശിക്കപ്പെട്ടതാണ്. ആ സമയത്ത്, കേരളത്തിലെ എല്ലാ വീടുകളിലും വൈകുന്നേരസമയത്ത് വൈദ്യുത ഉപയോഗം കൂടുതല്‍ ഉള്ളതിനാല്‍ പവര്‍കട്ട് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യമില്ല ഇപ്പോഴുള്ളത്. അതിരപ്പിള്ളിയില്‍ പുഴയിലൂടെ ഒഴുകിയെത്തുന്നവെള്ളം തടഞ്ഞുനിര്‍ത്തി, വൈദ്യുതി ഉല്‍പ്പാദിപ്പിച്ചശേഷം തിരിച്ച് പുഴയിലേയ്ക്ക് ഒഴുക്കുന്ന രീതിയാണ്. അങ്ങനെ ചെയ്താല്‍ പുഴ അവിടെ മരിക്കും. അതിരപ്പള്ളി ഉയരം കുറഞ്ഞ മേഖലയിലെ നിത്യഹരിത വനമാണ്. എല്ലാ വിഭാഗത്തിലുള്ള വേഴാമ്പലിനെയും ഒരുമിച്ച് കാണുന്ന വനമാണിത്. മറ്റൊരു കാടിന് പകരം വെയ്ക്കാനില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.