ട്വന്റി 20: പതിനായിരം ടിക്കറ്റുകള്‍ മുക്കി

Friday 3 November 2017 10:31 pm IST

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ- ന്യൂസിലഡ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകര്‍ നെട്ടോട്ടമോടുമ്പോള്‍ പതിനായിരം ടിക്കറ്റുകള്‍ എന്തു ചെയ്‌തെന്നതിന് ആര്‍ക്കും ഉത്തരമില്ല. 29,000 ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കുവഴി വില്‍ക്കാന്‍ നല്‍കി എന്നാണ് കെസിഎ നല്‍കുന്ന വിവരം. 2000, 1000, 750, വിദ്യാര്‍ത്ഥികള്‍ക്ക് 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 2000 ത്തിന്റെ ടിക്കറ്റുകള്‍ ഏത് രീതീയില്‍ വിറ്റഴിഞ്ഞു എന്നവിവരം ഇനിയും ലഭ്യമല്ല. 1000, 750 ടിക്കറ്റുകളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴിയും ബാങ്ക് നേരിട്ടും നടത്തിയെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ ടിക്കറ്റുകളെക്കുറിച്ചും വിവരമില്ല. കെസിഎക്കും ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കും സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ക്രിക്കറ്റിന്റെ പരസ്യ പ്രചാരണാര്‍ത്ഥം വന്‍കിട കമ്പനികള്‍ക്കും ടിക്കറ്റുകള്‍ നല്‍കി. ഈ ഇനങ്ങളില്‍ അയ്യായിരം ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതെല്ലാം കൂട്ടിയാലും ബാക്കിയുള്ള പതിനായിരം ടിക്കറ്റുകളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ടിക്കറ്റ് വില്‍പ്പനയില്‍ ആദ്യം മുതല്‍ക്കെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പരസ്യ പ്രചാരണത്തിനായി നല്‍കിയവ കരിഞ്ചന്തയില്‍ വിറ്റെന്നാണ് പ്രധാന ആരോപണം. കമ്പനികള്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് ടിക്കറ്റുകള്‍ മൊത്തമായി നല്‍കി. ഇവ അവരുടെ വ്യാപാര താല്‍പ്പര്യത്തിനായി വിനിയോഗിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് അമ്പതിനായിരം രൂപയില്‍ അധികം സാധനങ്ങള്‍ വാങ്ങിയാല്‍ ടിക്കറ്റുകള്‍ നല്‍കും എന്ന് പരസ്യവും നല്‍കി. ഫെഡറല്‍ ബാങ്കിന്റെ ടിക്കറ്റ് വില്‍പ്പനയിലും തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നു. ഓണ്‍ലൈന്‍ വഴി നടത്തിയ വില്‍പ്പനയില്‍ പതിനഞ്ചു മിനിട്ടുകള്‍ക്കകം സൈറ്റ് പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് ബാങ്ക് നേരിട്ട് നടത്തിയ വില്‍പ്പനയില്‍ പുലര്‍ച്ചെ നാലുമണിമുതല്‍ ക്യൂനിന്ന ഏതാനും പേര്‍ക്ക് പാസ് ലഭിച്ചു. എന്നാല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നുണ്ട്. രഞ്ജി ട്രോഫി കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും ഇനിയും ടിക്കറ്റ് ലഭിച്ചിട്ടില്ല. നാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരം നേരിട്ട് കാണാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് രഞ്ജി താരങ്ങള്‍. അതിനിടെ, പാസ് കരിഞ്ചന്തയില്‍ വിറ്റവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി കെസിഎ ജില്ലാ സെക്രട്ടറി വിനോദ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.