പാതാളക്കുഴികളില്‍ മെറ്റല്‍ വാരിയിട്ടു കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പാഴ്‌വേല

Friday 3 November 2017 10:41 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കെഎസ്ആര്‍ടിസി സ്റ്റാന്റിലെ പാതാളക്കുഴികളില്‍ മെറ്റല്‍ വാരിയിട്ട് കോര്‍പ്പറേഷന്റെ കുഴിഅടയ്ക്കല്‍. കോണ്‍ക്രീറ്റ് പേരിന് മാത്രമിട്ടാണ് കോര്‍പ്പറേഷന്‍ ഈ പാഴ് വേല നടത്തിയിരിക്കുന്നത്. അടുത്ത ഒറ്റ മഴയ്ക്ക് ഇതെല്ലാം ഒലിച്ച് പോവുന്ന തരത്തിലാണ് കുഴി അടച്ചിരിക്കുന്നത്. തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസിക്ക് ശരാശരി 40 കോടി രൂപയോളമാണ് വരുമാനമായി ലഭിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായി തകര്‍ന്ന യാര്‍ഡ് പുനര്‍നിര്‍മി്ക്കാന്‍ തയ്യാറാകാതെ വെറും രണ്ട് ലക്ഷം രൂപമാത്രമാണ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. ഇന്നലെ ഒറ്റ രാത്രി കൊണ്ടാണ് കോര്‍പ്പറേഷന്റെ കുഴിമൂടല്‍ നാടകം നടത്തിയത്. യാര്‍ഡിലേക്ക് കയറി വരുന്ന ഭാഗമാണ് ആദ്യം മൂടിയത്. എന്നാല്‍ ഇതിനോട് ചേര്‍ന്ന മറ്റ് ഭാഗങ്ങളിലെ കുഴികള്‍ അതേപടി നില്‍ക്കുകയാണ്. ഇപ്പോള്‍ നടത്തിയ കുഴിമൂടല്‍ യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു.ആധുനിക കെട്ടിട സമുച്ചയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജലരേഖയായി മാറിയതോടെയാണ് സ്റ്റാന്റിന്റ ദുരവസ്ഥ തുടങ്ങിയത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് കെട്ടിടം പണിയാന്‍ മണ്ണെടുത്ത സ്ഥലത്ത് ഇപ്പോള്‍ മാലിന്യമാണ് നിക്ഷേപിക്കുന്നത്. ഈ സീസണില്‍ 35 ബസ്സ് ആദ്യഘട്ടത്തിലും 15 ബസ്സ് രണ്ടാം ഘട്ടത്തിലും ഓടിക്കും. ഈ ബസ്സുകള്‍ കൂടി എത്തുന്നതോടെ സ്റ്റാന്റിന്റെ അവസ്ഥ ദയനീയമാകും. ട്രെയിന്‍ ,ബസ്സ് മാര്‍ഗ്ഗമെത്തുന്നവര്‍ കോട്ടയത്ത് എത്തിയിട്ടാണ് പമ്പയ്ക്ക് പോകുന്നത്. ഇവര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.