ഗെയില്‍ സമരത്തിന്പിന്നില്‍ രാഷ്ട്രീയതാല്‍പ്പര്യവും

Saturday 4 November 2017 2:35 pm IST

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം ആളിക്കത്തിക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍. സമരത്തിനെ തള്ളിപ്പറയുന്ന സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ സമരത്തില്‍ ഇപ്പോഴും സജീവം. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരത്തിന് മുന്നില്‍. മുസ്ലിംലീഗും കോണ്‍ഗ്രസ്സുമടക്കം  യുഡിഎഫ് സമരത്തിന് പിന്തുണ നല്‍കുന്നു. സിപിഎം സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രദേശികതലത്തില്‍ സജീവ പ്രവര്‍ത്തകര്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ ജി. അക്ബര്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ സിപിഎം സ്വതന്ത്ര അംഗവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ താജുന്നീസ, ഡിവൈഎഫ് ജില്ലാ നേതാവ് അഷറഫ് പുല്‍പ്പറ്റ  എന്നിവരും സമരത്തിന് നേതൃത്വം നല്‍കുന്നു.  മലപ്പുറം ജില്ലയില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ എരഞ്ഞിമാവിലും മുക്കത്തും നടന്ന സമരങ്ങളിലും സംഘര്‍ഷങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. തിരുവമ്പാടി, കൊടുവള്ളി തുടങ്ങിയ മലയോര മേഖലകളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങിയ യുഡിഎഫ് നേതൃത്വം സമരത്തെ ആളിക്കത്തിച്ച് തങ്ങളുടെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. https://www.facebook.com/janmabhumidaily/videos/1637084099692187/ യുഡിഎഫ് നേതാക്കളായ വി.എം. സുധീരന്‍, എം. കെ. രാഘവന്‍, എം.ഐ. ഷാനവാസ്,  പി.കെ. ബഷീര്‍, പാറക്കല്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ സമരസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്.ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ ജനങ്ങളെ സമരത്തിനിറക്കിയതിന് പിന്നില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ  കുപ്രചാരണങ്ങളാണ്. ഈ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് പ്രകൃതിവാതക പൈപ്പ്‌ലൈന്‍ വന്‍ അപകടം വരുത്തിവെക്കുമെന്നും സ്വകാര്യ കോര്‍പ്പറേറ്റുകളുടേതാണ് പദ്ധതി എന്നുമുള്ള പ്രചാരണം നടന്നത്. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിംലീഗ് എന്നീ സംഘടനകളും അവരുടെ മുഖപത്രങ്ങളുമാണ് തെറ്റായ പ്രചാരണങ്ങള്‍ നടത്തിയത്. 3000 ടണ്‍ പ്രഹര ശേഷിയുള്ള വാതകമാണെന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കും കമ്പനികള്‍ക്കും മാത്രമാണ് ഇവ വിതരണം ചെയ്യുകയുള്ളുവെന്നും രാജ്യത്ത് അഞ്ചോളം സ്ഥലങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി എന്നുമാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. ജനസാന്ദ്രതയേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നും ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചാല്‍ വന്‍ അപകട സാദ്ധ്യതയുണ്ടാകുമെന്നും ഇവര്‍ പ്രചരിപ്പിച്ചു. പതിനാറു സംസ്ഥാനങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതിക്കെതിരെയാണ് തെറ്റായ പ്രചാരണം നടത്തിയത്. രാജ്യത്തെ പല ഭാഗങ്ങളിലും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഇതുപയോഗിച്ചു വരുന്നുണ്ട്. ദില്ലി പോലെയുള്ള പ്രധാന നഗരങ്ങളില്‍ വാഹനങ്ങളില്‍ പ്രകൃതി വാതകമാണ് ഉപയോഗിക്കുന്നത്.  കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ താമസിക്കുന്ന ദല്‍ഹിയിലെ ഫ്‌ളാറ്റുകളില്‍  പ്രകൃതി വാതകമാണുപയോഗിക്കുന്നത്. ഇവിടെ സമരത്തിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധികളും നേതാക്കളും ദില്ലിയില്‍ ഇതിന്റെ സൗകര്യം അനുഭവിക്കുന്നു. ദല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരക്കേറിയ വഴികളിലടക്കം പ്രകൃതി വാതകപൈപ്പ് ലൈനുകള്‍ അപകടരഹിതമാണെന്ന സത്യം മറച്ചുവെച്ചാണ് ഭീകര സ്‌ഫോടന ശേഷിയുള്ള വാതകപൈപ്പ് ലൈനുകളാണ് നാട്ടിലൂടെ കടന്നുപോകുന്നതെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ഗെയില്‍ മുന്നോട്ടുവരുമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ ബിജു പറഞ്ഞു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. നവംബര്‍ ആറിന് കോഴിക്കോട് കലക്ടറേറ്റില്‍ ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.