റോഡപകടം; 48 മണിക്കൂര്‍ ചികിത്സാ പദ്ധതി കേന്ദ്രത്തിന്റേത്

Friday 3 November 2017 11:49 pm IST

മോദിയുടെ പ്രഖ്യാപനം പ്രധാന വാര്‍ത്തയാക്കിയ 2015 ജൂലൈ 27 തിങ്കളാഴ്ചത്തെ ജന്മഭൂമി.

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വന്തം ക്രെഡിറ്റിലാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പതിവാക്കുന്നു. റോഡപകടത്തില്‍ പെടുന്നവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കുമെന്നുള്ള പ്രഖ്യാപനമാണ് സ്വന്തമെന്ന നിലയില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

2015 ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 50 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. അത് രണ്ടു മണിക്കൂര്‍ കുറച്ചുവെന്നതു മാത്രം പിണറായിയുടെ ‘ക്രെഡിറ്റ്’. ട്രോമാ കെയര്‍ പദ്ധതിയെന്ന് സംസ്ഥാനമിതിന് പേരുമിട്ടു. പ്രത്യേക ആബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു.

മന്‍ കീ ബാത്തില്‍ അന്ന് മോദിയുടെ വാക്കുകള്‍ ഇങ്ങനെ:
”റോഡപകടങ്ങളില്‍െപ്പടുന്നവര്‍ക്ക് രാജ്യത്തെ എല്ലാ ആശുപത്രികളിലും ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ പദ്ധതി സജ്ജമാകുന്നു. ഇതിനായി റോഡ് ഗതാഗത സുരക്ഷാ ബില്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റോഡപകടങ്ങളില്‍െപ്പടുന്ന ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനാണ് പ്രാധാന്യമെന്നും പണത്തിനല്ല.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ദേശീയപാതകളില്‍ സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കും. ഗുഡ്ഗാവ്, ജയ്പൂര്‍, വഡോദര മുതല്‍ മുംബൈ, റാഞ്ചി, റാണാഗഡ്, മാണ്ടിയ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ജീവനുകളും പ്രിയപ്പെട്ടതാണ്. പണമുണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തില്‍െപ്പട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കും. അപകടത്തില്‍ പെട്ടയാള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് പണം തടസമാകരുത്.

അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ഇതുപയോഗിച്ച് ജീവന്‍ രക്ഷിക്കുന്നതിന് മറ്റൊന്നും തടസമാകരുത്. ”

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.