വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍

Saturday 4 November 2017 12:58 pm IST

കൊട്ടാരക്കര: വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ ചിലര്‍ പോലീസ് പിടിയില്‍. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം പേര്‍ തട്ടിപ്പിന് ഇരയായതായാണ് പോലീസ് നല്‍കുന്ന സൂചന. ഗള്‍ഫിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് കമ്പനികളില്‍ 2500 ഒഴിവുകളുണ്ടെന്നു വിശ്വസിപ്പിച്ചാണ് പലരില്‍നിന്നും പണം വാങ്ങിയത്. അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങി. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പ് വെളിയിലായത്. 150 പേര്‍ കൊട്ടാരക്കര പോലീസ് സ്റ്റേനില്‍ ഇതിനകം പരാതി നല്‍കി. കൊട്ടാരക്കര കോട്ടപ്പുറം സ്വദേശികളായ ഹരികൃഷ്ണനെതിരെയാണ് പരാതി. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും മറ്റു ജില്ലകളിലുള്ളവരും തട്ടിപ്പിനിരയായി. പണം നല്‍കുന്നവര്‍ക്ക് ഗ്യാരണ്ടിയായി തങ്ങളുടെ പേരിലുള്ള ചെക്കും ഇവര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ചു പണം തിരികെ പിടിക്കാന്‍ നോക്കിയവര്‍ നിരാശപ്പെട്ടു. കോട്ടപ്പുറത്തുള്ള വീട്ടില്‍വച്ചാണ് ഇവര്‍ പണം വാങ്ങിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഒരുസംഘം യുവാക്കള്‍ക്ക് വെള്ളിയാഴ്ച വിസയും ടിക്കറ്റും നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് രാവിലെ തന്നെ യുവാക്കള്‍ എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഘത്തെ കുറിച്ച് മുമ്പുതന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണത്തിനു പോലീസ് തയ്യാറായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.