യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം

Saturday 4 November 2017 9:06 pm IST

തിരുവനന്തപുരം: തോമസ് ചാണ്ടി ഗതാഗതമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തികച്ചും സമാധാനപരമായി നടന്ന മാര്‍ച്ചിനുനേരെ അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജിലും ജലപീരങ്കിയിലും പാറശ്ശാല മണ്ഡലം ജനറല്‍സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ജില്ലാ കമ്മറ്റിഅംഗം സുമി പ്രശാന്തിനും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സമാധാനപരമായി എത്തിയ മാര്‍ച്ചിന് നേരെ പോലീസ് പ്രകോപനം കൂടാതെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നിലത്തുവീണ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്ന് നാലുതവണ കൂടി ജലപീരങ്കി പ്രയോഗിച്ചു.  യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രമാണിമാരുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി. കയ്യേറ്റക്കാരെ വിലങ്ങുവയ്ക്കും കള്ളക്കടത്തുകാരെ തുറങ്കിലടയ്ക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നില്ല. കൈയേറ്റത്തിന് നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് സര്‍ക്കാര്‍. എ.കെ. ശശീന്ദ്രന്‍, ഇ.പി. ജയരാജന്‍ എന്നിവരെ പുറത്താക്കാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലാ എന്നും അദ്ദേഹം ചോദിച്ചു. തോമസ്ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കും വരെ പൊതുപരിപാടികളിലും തെരുവിലും മന്ത്രിയെ തടയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ്, സംസ്ഥാന ട്രഷറര്‍ സമ്പത്ത്, സംസ്ഥാന സമിതിഅംഗം മണവാരി രതീഷ്, രഞ്ജിത്ത് ചന്ദ്രന്‍, രാഗേന്ദു, ആലപ്പുഴ ജില്ലാപ്രസിഡന്റ് സാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. https://www.facebook.com/BJYM4THIRUVANATHAPURAM/videos/1461724113864290/

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.