സംഗീത ജീവിതം ഭക്തിസാന്ദ്രം

Saturday 4 November 2017 5:59 pm IST

മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള സംഗീതംസാര്‍വ്വ ലൗകികമാണ്. അതിന് ജാതിമതത്തിന്റെ അതിര്‍വരമ്പുകളില്ല. പലര്‍ക്കും സംഗീതം ആസ്വദിക്കാനുള്ളതാണ്. എന്നാല്‍ ചിലര്‍ക്ക് സംഗീതം ജീവിതം തന്നെ. ഈ ഗണത്തിലാണ് ഭക്തിഗാനരംഗത്തെ കുലപതി ടി.എസ്. രാധാകൃഷ്ണന്റെ സ്ഥാനം. സംഗീത സപര്യയുമായി അദ്ദേഹം അറുപതിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുന്നു.

ശങ്കരനാരായണയ്യര്‍ക്കും സുബ്ബലക്ഷ്മി അമ്മാളിനും നവരത്‌നങ്ങള്‍പോലെ ഒന്‍പതു മക്കള്‍. അതില്‍ ഏഴാമത്തെ പവിഴമാണ് ടി.എസ്. പവിഴത്തിന് സൂര്യന്റെയും ചൊവ്വയുടെയും ശോഭയാണ്. എവിടെയും ജ്വലിച്ചുനില്‍ക്കും. ഭക്തിഗാനരംഗത്ത് എന്നും ജ്വലിച്ചുനില്‍ക്കുന്ന ടിഎസും പവിഴത്തിനു തുല്യം. ഭക്തിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന അദ്ദേഹത്തിന്റെ സംഗീതം എന്നും ഒരത്ഭുതമാണ്.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഭൂതനാഥ ഭജന സംഘത്തിനൊപ്പം പാടാന്‍ തുടങ്ങിയപ്പോള്‍ പ്രായം എട്ട്. തുണയായി സഹോദരന്‍ ശങ്കരനാരായണന്‍ എന്നും ഒപ്പമുണ്ട്. തഞ്ചാവൂര്‍ സുബ്രഹ്മണ്യഭാഗവതരായിരുന്നു ആദ്യഗുരു. പത്താംതരം പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീതകോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. കല്യാണസുന്ദരം ഭാഗവതരുടെ കീഴില്‍ എട്ടുവര്‍ഷം സംഗീതം അഭ്യസിച്ചു. എസ്.ആര്‍.വി സ്‌കൂളില്‍ പത്താംതരം വരെയും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ ടി.എസ് മഹാരാജാസിലാണ് ബിരുദ പഠനത്തിന് ചേര്‍ന്നത്. തത്ത്വചിന്തയാണ് വിഷയമെങ്കിലും മനസ്സുനിറയെ സംഗീതമായിരുന്നു.

ടിഎസിന്റെ സഹോദരന്‍ കൃഷ്ണന്‍ നല്ലൊരു ഡ്രംസ് വായനക്കാരനായിരുന്നു. കൂടാതെ പാശ്ചാത്യ സംഗീത ബാന്‍ഡും നടത്തിയിരുന്നു. 1976 മുതല്‍ 84 വരെയുള്ള ആ കാലഘട്ടത്തില്‍ ടിഎസും അവരുടെ സംഘത്തില്‍ ചേര്‍ന്നു. ഗിറ്റാര്‍ സ്വയം വായിച്ചു പഠിച്ചു. അന്നത്തെ അറിയപ്പെടുന്ന വേഷമായ ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി കാണികളെ കൈയ്യിലെടുത്തു.
കോളേജില്‍ ടിഎസിന്റെ സീനിയറായിരുന്നു ഗാനരചയിതാവും എഴുത്തുകാരനുമായആര്‍.കെ. ദാമോദരന്‍. അവര്‍ തമ്മിലുള്ള കൂട്ടുകെട്ട് പുതിയ വഴിത്തിരിവില്‍ കലാശിച്ചു. 1979ല്‍ ശിവക്ഷേത്ര ഉത്സവ ഗാനമേളയ്ക്ക് ”ചന്ദ്രക്കല പൂ ചൂടു”മെന്ന ആദ്യ ഗാനം പിറവി കൊണ്ടു. രചന ആര്‍കെ. സംഗീത സംവിധാനം ടിഎസ്. 1980ല്‍ ഹരിശ്രീ പ്രസാദം എന്ന പേരില്‍ കേരളത്തിലെ തന്നെ ആദ്യ ഭക്തിഗാന ആല്‍ബം ഇറങ്ങി. ആര്‍കെ-ടിഎസ് കൂട്ടുകെട്ടില്‍ ഭക്തിഗാന രംഗത്തെ നാഴികക്കല്ലായി അത്. ആദ്യ അയ്യപ്പ ഭക്തിഗാന ആല്‍ബം ഉടലെടുത്തതും ഇവരുടെ ആത്മബന്ധത്തില്‍ നിന്നു തന്നെ. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

1982 ല്‍ യേശുദാസിന്റെ ”തരംഗിണി”ക്കു വേണ്ടി തുളസി തീര്‍ത്ഥം എന്ന ആല്‍ബത്തിലെ പത്ത് ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കി. തരംഗിണി പുറത്തിറക്കിയ ഒമ്പതു അയ്യപ്പ ഭക്തിഗാനങ്ങള്‍ക്കും ടി.എസിന്റെ സംഗീതം തന്നെ. തരംഗിണിയുടെ 20 ആല്‍ബങ്ങള്‍ക്കു വേണ്ടി ടി.എസ്. സംഗീതമൊരുക്കി. യേശുദാസ് ചലച്ചിത്രേതര ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആലപിച്ചതും ടി.എസ്. നല്‍കിയ ഈണങ്ങള്‍ക്കാണ് എന്ന പ്രത്യേകതയുമുണ്ട്.

1984ല്‍ ഡോ.എസ്. രാമനാഥന്റെ കീഴില്‍ ടി.എസ്. രണ്ടു വര്‍ഷം സംഗീതം അഭ്യസിച്ചു. 1986ല്‍ എതിര്‍പ്പുകള്‍ എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അതിനുശേഷം ചലച്ചിത്രലോകത്തേക്ക് കടക്കാന്‍ താല്‍പര്യപ്പെട്ടില്ല. ഭക്തിഗാനരംഗത്തു പ്രവേശിച്ച അദ്ദേഹം 1982 മുതല്‍ നടത്തിവരുന്ന ഹരിശ്രീ എന്ന ഭജനഗ്രൂപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡോ.എസ്. രാമനാഥന്‍ ഹരിശ്രീ എന്ന പേരു മാറ്റി ത്യാഗരാജസ്വാമികളുടെ സ്മരണാര്‍ത്ഥം ത്യാഗബ്രഹ്മം എന്ന പേര് നല്‍കി. 38 വര്‍ഷമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ടി.എസിന്റെ മാനസഗുരു ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ പാടിത്തുടങ്ങിയ ടിഎസ് ഇന്നും എല്ലാവര്‍ഷവും വൃശ്ചികം ഒന്നിനു ഭജന നടത്താറുണ്ട്. പന്ത്രണ്ടു വയസ്സു മുതല്‍ തുടങ്ങിയ ശബരിമല അയ്യപ്പദര്‍ശനത്തിനും മുടക്കം വരുത്തിയിട്ടില്ല. പുട്ടപര്‍ത്തിയിലും മുപ്പതുവര്‍ഷമായി അദ്ദേഹം ഭജന നടത്തിവരുന്നു.

           ടി.എസ്. രാധാകൃഷ്ണന്‍ കുടുംബത്തോടൊപ്പം

ഹരിവരാസന പുരസ്‌കാരം, സംഗീതകൗസ്തുഭം, സംഗീതപൂര്‍ണ്ണശ്രീ, സായിഗാനപ്രിയ തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ടിഎസ്. ഇന്ന് അറുപതിലെത്തിനില്‍ക്കുമ്പോള്‍ നേടിയത് നേട്ടങ്ങള്‍ മാത്രം. സംഗീതലോകത്തെ അനേകം മഹാപ്രതിഭകളെ അടുത്തറിയുവാനും അവരുടെ സഹയാത്രികനാകാനും കഴിഞ്ഞത് ദൈവാനുഗ്രഹമെന്ന് ടി.എസ്. രാധാകൃഷ്ണന്‍ പറയുന്നു. ഭാര്യ: പത്മ. മക്കള്‍: ലക്ഷ്മി, ശങ്കര്‍ വിനായക്. മകന്‍ അച്ഛന്റെ പാതയില്‍ തന്നെ.
ഇതുവരെ ഇരുനൂറില്‍ പരം ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കി സ്വദേശത്തും വിദേശത്തുമായി ധാരാളം സംഗീതവിരുന്നു നല്‍കിയ ടി.എസ് അറുപതിന്റെ മധുരത്തില്‍ ഈണം നല്‍കിയത് ”മധുരം തിരുമധുരം” എന്ന ആല്‍ബത്തിനു വേണ്ടിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.