സ്‌ററാമ്പുകളില്‍ കാണാം ഫുട്‌ബോള്‍

Saturday 4 November 2017 6:33 pm IST

 

ഫുട്‌ബോള്‍ മത്സരങ്ങളുടെ ദൃശ്യങ്ങളുമായി പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരവുമായി രാജേഷ്‌

ലോകത്തിന്റെ ഏതു കോണില്‍ പന്തുരുളുമ്പോഴും അതിനെ നെഞ്ചോടുചേര്‍ക്കുന്ന കേരളക്കാര്‍ക്കിടയില്‍ ഇതാ വേറിട്ടൊരു ഫുട്‌ബോള്‍ പ്രേമി. പാലക്കാട് മുട്ടികുളങ്ങര കടമ്പടിപുര കെ.എസ്.രാജേഷ് എന്ന യുവാവിന്റെ ഫുട്‌ബോള്‍ സ്‌നേഹത്തിന്റെ അടയാളങ്ങളാണ് ഈ സ്റ്റാമ്പ് ശേഖരം.

ലോക ഫുട്‌ബോളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകളാണ് രാജേഷിന്റെ ശേഖരത്തിലുള്ളത്. ഒന്നും പത്തുമല്ല, നൂറിലധികംവരുന്ന ഫുട്‌ബോള്‍ ചാരുതയുടെ കൈയൊപ്പു പതിഞ്ഞ നിമിഷങ്ങള്‍ നിറഞ്ഞ സ്റ്റാമ്പുകള്‍. കാല്‍പ്പന്തുകളിയിലെ ട്രിബ്ലിങ്, ഹെഡ്ഡര്‍, സിസര്‍കട്ട്, ഗോള്‍ശ്രമത്തിന്റെ കൂട്ടപ്പൊരിച്ചില്‍, ഫൗള്‍, ഗോളിന്റെ ആവേശപ്രകടനം. സ്‌ട്രൈക്കറുടെ കുതിപ്പ്, പന്തിനെ വലക്കപ്പുറത്തേക്ക് കുത്തിവിടുന്ന ഗോള്‍കീപ്പര്‍ അങ്ങനെ എല്ലാമുണ്ട് ഈ സ്റ്റാമ്പുകളില്‍.

കളിയുടെ ഈ നിമിഷങ്ങളെല്ലാം രാജേഷിന് ഒപ്പിയെടുക്കാന്‍ ടിവി കാണേണ്ട. തന്റെ ശേഖരത്തിലുള്ള സ്റ്റാമ്പുകളെടുത്തുനോക്കിയാല്‍ മതി. അതിലുണ്ട് സാക്ഷാല്‍ മറഡോണ മുതല്‍ സിനദിന്‍ സിദാന്‍വരെയുള്ള ലോക ഫുട്‌ബോളിലെ മാന്ത്രികരുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകള്‍.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം മുതല്‍ കോപ്പയും ഒളിമ്പിക്‌സും മറ്റുമടങ്ങിയ നിരവധി ഫുട്‌ബോള്‍ മത്സരത്തിന്റെ നിര്‍ണായക നിമിഷങ്ങളുണ്ട് ഇതില്‍. ഫ്രാന്‍സ്, ക്യൂബ, നിക്വാര്‍ഗ്വ, റുവാണ്ട, വിയറ്റ്‌നാം, റുവാണ്ട, കോംഗോ, ചെക്കോസ്ലോവാക്യ, മംഗോളിയ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ പുറത്തറിക്കിയ സ്റ്റാമ്പുകളിലാണ് കാല്‍പ്പന്തിന്റെ ആവേശം നിറച്ചിരിക്കുന്നത്. 1958 ലോകകപ്പ് ഫുട്‌ബോളില്‍ സ്വീഡന്റെ മുന്നേറ്റം ഓര്‍മിപ്പിക്കുന്ന സ്റ്റാമ്പുണ്ട്.

1990ല്‍ മറഡോണയുടെ ട്രിബ്ലിങ് പടവുമായി വിയറ്റ്‌നാമിന്റെ സ്റ്റാമ്പ്, 86 കളിലെ കോപ്പ ഫുട്‌ബോളില്‍ മെക്‌സിക്കോയുടെ മുന്നേറ്റം, നിക്വാര്‍ഡ പുറത്തിറക്കിയ സ്റ്റാമ്പില്‍ അര്‍ജന്റീന ഉറ്വേഗ്വയോട് പരാജയപ്പെട്ട 1930 ലെ നിമിഷം, 1966 ലെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഗോള്‍… അങ്ങനെ ലോകം കണ്ട, ഇതുവരേയും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളുടെ അനവധി ചിത്രങ്ങളാണ് രാജേഷിന്റെ സ്റ്റാമ്പുകളിലുള്ളത്. തീര്‍ന്നില്ല, കുട്ടികളില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി നിക്വാര്‍ഡ 1979 ല്‍ പുറത്തിറക്കിയ സ്റ്റാമ്പ്, സ്ത്രീകളുടെ ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി 1985 ലിറക്കിയ സ്റ്റാമ്പ് എന്നിവയെല്ലാം ശേഖരത്തില്‍ വേറിട്ടുനില്‍ക്കുന്നു.

വീടിനു മുമ്പിലെ മുട്ടികുളങ്ങര പോലീസ് ക്യാമ്പ് ഗ്രൗണ്ടിലെ ഫുട്‌ബോള്‍ ആരവം കണ്ടും കേട്ടും കാല്‍പ്പന്തുകളിയുടെ ആവേശം രാജേഷ് പ്രകടിപ്പിച്ചത് കളത്തിലല്ലെന്ന് മാത്രം. സ്റ്റാമ്പുശേഖരണം ഒരു വിനോദമായി തുടര്‍ന്നതിനാല്‍ അതില്‍ ഫുട്‌ബോളിന്റെ സ്റ്റാമ്പുകളും ഉള്‍പ്പെടുത്തി. സ്റ്റാമ്പ് ശേഖരണത്തില്‍ മാത്രമൊതുങ്ങുന്നില്ല കാര്യങ്ങള്‍. അപൂര്‍വമായ നാണയങ്ങളുടെ ശേഖരണവും പക്കലുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി തുടരുമ്പോഴും തന്റെ സ്റ്റാമ്പുശേഖര പ്രേമം ജീവിതത്തോടൊപ്പംചേര്‍ക്കുകയാണ് ഈ യുവാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.