ഗുരുവായൂര്‍: സേവാഭാരതിയുടെ സംസ്ഥാന സംഗമം ഈ മാസം 11, 12 തീയതികളില്‍ ഗുരുവായൂരില്‍ നടക്കും. മൂവായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഗമം പ്രവര്‍ത്തക പ്രശിക്ഷണവും സമാജ ജാഗരണവുമാണ് ലക്ഷ്യമിടുന്നത്. ഗുരുവായൂര്‍ കിഴക്കെനടയില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കുവാന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ 11ന് രാവിലെ 10.30ന് സംഗമത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ്ജോഷി നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംവിധായകന് പ്രിയദര്ശന് അദ്ധ്യക്ഷത വഹിക്കും. ജലം, പ്രകൃതിസംരക്ഷണം, ഗോസേവാ, സ്വച്ഛ്ഭാരത്, ഊര്‍ജ്ജം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും നടക്കും. സംഗമത്തില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം പ്രവര്‍ത്തകര്‍ ഗുരുവായൂരിലെ വിവിധ വീടുകളിലായിരിക്കും താമസിക്കുക. ഇന്നു മുതല്‍ 9 വരെ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പുതൂര്‍ ഉണ്ണികൃഷ്ണന് നഗറില്‍ സേവാഭാരതി അഖിലഭാരതീയ, സംസ്ഥാന തലങ്ങളില്‍ നടത്തിവരുന്ന സേവാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശിനി, പുസ്തകശാല, പ്രഭാഷണപരമ്പര എന്നിവയും ഒരുക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് 4ന് പ്രശസ്ത സാഹിത്യകാരന് ആഷാമേനോന് പ്രദര്ശിനിയുടേയും പ്രഭാഷണ പരമ്പരയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ശുചിത്വഭാരതത്തില് ശുചിത്വകേരളം എന്ന വിഷയത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് അസോ. പ്രൊഫസര്‍ ഡോ. നിര്‍മ്മല പത്മനാഭന് പ്രഭാഷണം നടത്തും.
മേജര്‍ ജനറല്‍ ഡോ. പി.വിവേകാനന്ദന് അധ്യക്ഷത വഹിക്കും. നാളെ വൈകീട്ട് 5.30ന് ജലം ജീവന്റെ ആധാരം എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസേവാപ്രമുഖ് ജി.വി.ഗിരീഷ്കുമാര്‍ പ്രഭാഷണം നടത്തും. പ്രശസ്തകവി രാധാകൃഷ്ണന് കാക്കശ്ശേരി അധ്യക്ഷത വഹിക്കും. 7ന് ചൊവ്വാഴ്ച 5.30ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ മലയാള മണ്ണിനെ വീണ്ടെടുക്കാന്‍ ഗോ സംരക്ഷണം എന്ന വിഷയത്തില്‍ സ്വാമി നിഗമാനന്ദസരസ്വതി പ്രഭാഷണം നടത്തും.
8ന് വൈകീട്ട് 5.30ന് കേരളം നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധി എന്ന വിഷയത്തില്‍ റിട്ട. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. ജി.മാധവന്‍നായര്‍ പ്രഭാഷണം നടത്തും. ചിന്മയമിഷന് ചീഫ് സേവക് ഡോ. ജി.മുകുന്ദന് അദ്ധ്യക്ഷത വഹിക്കും. 9ന് 5.30ന് ഗുരുവായൂര്‍ ജില്ലാസംഘചാലക് റിട്ട. കേണല്‍ വി. വേണുഗോപാലിന്റെ അദ്ധ്യക്ഷതില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.എസ്. വിജയന് പരിസ്ഥിതി വെല്ലുവിളികള്‍ പരിഹാരങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.
സേവാഭാരതി സംഗമത്തിന് മാതൃശക്തി സമര്‍പ്പിക്കുന്ന ആശീര്‍വാദമായി വിളംബര ഘോഷയാത്രയും തിരുവാതിരക്കളിയും നടക്കും. പത്രസമ്മേളനത്തില്‍ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.സി. ഷാജുകുമാര്‍, സേവാസംഗമം ജന.കണ്‍വീനര്‍ കെ.സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: