മഞ്ചേരി-മലപ്പുറം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Saturday 4 November 2017 9:08 pm IST

മഞ്ചേരി: മണിക്കൂറുകളോളം കാത്തുകിടക്കുന്നാല്‍ മാത്രമേ വെറും പന്ത്രണ്ട് കിലോമീറ്റര്‍ താണ്ടാനാകൂ. മഞ്ചേരി-മലപ്പുറം റൂട്ടിലാണ് ഈ ദുരിതം. 12 കിലോമീറ്ററിനിടെ ഏഴ് സ്ഥലത്താണ് കലുങ്ക് നിര്‍മ്മാണം പുരോഗമിക്കുന്നത്. നാടുകാണി പരപ്പനങ്ങാടി റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് കലുങ്ക് നിര്‍മ്മാണം. പണി നടക്കുന്ന മുട്ടിപ്പാലം, ആനക്കയം, പാണായി, ഇരുമ്പുഴി എന്നിവിടങ്ങളില്‍ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രാവിലെയും വൈകിട്ടുമാണ് വാഹനങ്ങളുടെ നിര നീളുന്നത്. പലപ്പോഴും ആനക്കയം ഈരാമുടുക്കുവരെയും മഞ്ചേരി വയ്പ്പാറപ്പടി വരെയും നിരനീളും. ചെറുവാഹനങ്ങള്‍ പോക്കറ്റ് റോഡുകളെ ആശ്രയിക്കുമ്പോള്‍ ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നു. മണ്ണിട്ട് രണ്ടുവരിയിലും വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന് ബന്ധപ്പെട്ട കരാറുകാര്‍ക്ക് ട്രാഫിക് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു, പക്ഷേ അതൊന്നും നടപ്പായിട്ടില്ല. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും സ്‌കൂള്‍ കുട്ടികളും കുരുക്കിലകപ്പെട്ട് വീടെത്തുമ്പോഴേക്കും ഇരുട്ട് വീണിട്ടുണ്ടാകും. താരതമ്യേന വീതി കുറഞ്ഞ റോഡില്‍ ആംബുലന്‍സ് അകടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന കാഴ്ച പതിവായിരിക്കുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ തിരൂര്‍, പരപ്പനങ്ങാടി ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കാര്യമാണ് ഏറെ കഷ്ടം. ഒരു ബസ് കുരുക്കില്‍ നിന്ന് ഒരുവിധത്തില്‍ മലപ്പുറത്തേക്ക് എത്തുമ്പോഴേക്കും പുറകിലുള്ള രണ്ട് ബസുകള്‍ കൂടി ഒപ്പമെത്തും. ഇത് പലപ്പോഴും മത്സരയോട്ടത്തിന് കാരണമാകുന്നു. വാഹനം കടന്നുപോകുന്ന ഒരുവശത്തിന് അല്‍പം കൂടി വീതികൂട്ടുകയോ, നിര്‍മ്മാണ പ്രവര്‍ത്തികള്‍ രാത്രിയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ബസ് തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.