വഞ്ചിക്കുളം നവീകരണത്തിന് പുതിയ പദ്ധതി

Saturday 4 November 2017 9:11 pm IST

തൃശൂര്‍: പദ്ധതി തയ്യാറായില്ലെങ്കിലും വഞ്ചിക്കുളം പദ്ധതി ശിലാസ്ഥാപനത്തിന്നൊരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം തുടങ്ങാന്‍ മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. കോര്‍പ്പറേഷനും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം വകുപ്പ് വഞ്ചിക്കുളം നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വഞ്ചിക്കുളം മുതല്‍ 700 മീറ്റര്‍ ദൂരം തോട് സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കി പുനസ്ഥാപിക്കുകയാണ് കോര്‍പ്പറേഷന്‍ ആദ്യഘട്ടം ലക്ഷ്യമാക്കുന്നതെന്ന് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയ ആര്‍ക്കിടെക്ട് വിനോദ്കുമാര്‍ പറഞ്ഞു. തോടിന്റെ ഇരുഭാഗവും കോര്‍പ്പറേഷന്‍ സംരക്ഷണ മതില്‍കെട്ടിയും പായല്‍ നീക്കിയും സംരക്ഷിക്കും. നടപ്പാത, സൈക്കിള്‍ ട്രാക്, അടിസ്ഥാന സൗകര്യവികസനങ്ങള്‍, ബോട്ടിങ്ങ് സൗകര്യങ്ങള്‍ എന്നിവ ടൂറിസം വകുപ്പ് നടപ്പാക്കും. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ജലപാത പദ്ധതിയുമായി ബന്ധപ്പെടുത്തി കൂടിയാകും. പദ്ധതി തയ്യാറാക്കുകയെന്നും വിനോദ്കുമാര്‍ പറഞ്ഞു. ഒരു മലിനജല സംസ്‌കരണ പ്ലാന്റ് പ്രദേശത്ത് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്യുന്നുണ്ട്. സര്‍വ്വേ നടപടികള്‍ അടുത്തമാസം തുടങ്ങും. കയ്യേറ്റക്കാരുടെ പുനരധിവാസ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പ്രൊഫ.ബിന്ദു മേയറായിരിക്കേ 69 ലക്ഷം രൂപ ചിലവാക്കി നടപ്പാക്കിയ വഞ്ചിക്കുളത്തെ 'കുള' മാക്കിയ പദ്ധതി പൊളിച്ചുകളഞ്ഞുവേണം പുതിയ വികസനപദ്ധതി നടപ്പാക്കാന്‍. അന്നുണ്ടായിരുന്ന വഞ്ചിക്കുളം കടവിന്റെ വിസ്തീര്‍ണ്ണം മൂന്നിലൊന്നായി ചുരുക്കിയും തോട്മുഖം ഉള്‍പ്പെടെ ചുറ്റുമതില്‍ കെട്ടി കുളമാക്കിയുമായിരുന്നു അന്ന് വഞ്ചിക്കുളം പദ്ധതി നടപ്പാക്കിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിക്കുളം ടൂറിസം വികസനത്തിന് ബജറ്റിലൂടെ അനുവദിച്ച 50 ലക്ഷം രൂപ കോര്‍പ്പറേഷന്‍ സ്വീകരിക്കുകയുണ്ടായില്ല. തനത് ഫണ്ടാണ് ഉപയോഗിച്ചത്. 20 ബോട്ടുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യമുള്ള വിശാലമായ ഹാര്‍ബര്‍ ആയിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അത് പാലിക്കാതെ ബോട്ടിങ്ങ് സൗകര്യംപോലും നിഷേധിച്ച് വഞ്ചിക്കുളം അടച്ചുകെട്ടിയുള്ള പദ്ധതി നടപ്പാക്കിയത് മൂലമാണ് ടൂറിസം വകുപ്പ് അന്ന് 50 ലക്ഷം നല്‍കുന്നത് നിരാകരിച്ചത്. വളിക്കുളത്തിനകത്ത് പൈലിങ്ങ് നടത്തിയുണ്ടാക്കിയ കനത്ത ചുറ്റുമതില്‍ പൂര്‍ണ്ണമായും പൊളിച്ചുകളഞ്ഞുവേണം പുതിയ പദ്ധതി നടപ്പാക്കാന്‍. വഞ്ചിക്കുളം ചര്‍ച്ചായോഗത്തില്‍ ഡെപ്യൂട്ടിമേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.സുകുമാരന്‍, ഫ്രാന്‍സീസ് ചാലിശ്ശേരി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവീസ് കാഡ, പി.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ടൂറിസം വകുപ്പ് അസി.ഡയറക്ടര്‍ ഷാഹുല്‍ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.