ലോക കേരള സഭയ്ക്ക് കാലപരിധിയില്ല, 351 അംഗങ്ങള്‍

Saturday 4 November 2017 10:05 pm IST

തിരുവനന്തപുരം: കേരളീയരുടെ പൊതുവേദിയായി ലോക കേരളസഭ രൂപീകരിക്കുന്നതിനും പ്രഥമസമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താനും സര്‍ക്കാര്‍ ഉത്തരവായി. ലോക കേരളസഭ കാലപരിധി ഇല്ലാതെ തുടരും. രണ്ടുവര്‍ഷം കൂടുമ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നിലൊന്നുപേര്‍ സഭയില്‍ നിന്ന് വിരമിക്കും. തത്സ്ഥാനത്തേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. പൊതു തിരഞ്ഞെടുപ്പുകള്‍ക്കനുസരിച്ച് സംസ്ഥാന നിയമസഭയിലെ അംഗങ്ങളും രാജ്യസഭ, ലോകസഭ അംഗങ്ങളും മാറും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സഭ‘യോഗം ചേരും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് കൂടുതല്‍ തവണ യോഗം ചേരും. സഭയുടെ നേതാവ് സംസ്ഥാന മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആയിരിക്കും. ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍. നിയമസഭ‘സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗ പ്രസീഡിയം സഭാനടപടികള്‍ നിയന്ത്രിക്കും. സഭാനേതാവ് നിര്‍ദേശിക്കുന്ന പാര്‍ലമെന്റംഗം, നിയമസഭാംഗം, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓരോ അംഗം വീതവും ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം. സമാപനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനാകും. ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍ ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.