സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Friday 14 September 2012 12:45 pm IST

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയിലൂടെ ബാബു അന്നൂര്‍ മികച്ച മികച്ച നടനായും തട്ടിന്‍പുറത്തപ്പനിലൂടെ അച്ചുതാനന്ദന്‍ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞെടുക്കപ്പെട്ടു. അമൃതടിവിയിലെ അര്‍ധചന്ദ്രന്റെ രാത്രിയിലൂടെ ശ്രീലക്ഷ്മി മികച്ച നടിയായി. ശോഭ മോഹനാണ്‌ രണ്ടാമത്തെ നടി. മഞ്ഞാനയിലൂടെ കെ.ജി അപ്പു മികച്ച ബാലതാരവുമായി. തിരുവനന്തപുരത്ത്‌ മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. ടെലിവിഷന്‍ അവാര്‍ഡിന്റെ അപാകതകള്‍ പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ്‌ ന്യൂസിലെ പ്രജുല.വി യും മികച്ച അവതാരകനുളള പുരസ്കാരം മനോരമ ന്യൂസില്‍ തിരുവാ എതിര്‍വാ അവതരിപ്പിക്കുന്ന ജയമോഹന്‍ നായരും സ്വന്തമാക്കി. ആദിവാസികളിലെ വന്ധ്യംകരണത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയ മനോരമ ന്യൂസിലെ ഷിബു ജോസഫ്‌ ആണ്‌ മികച്ച റപ്പോര്‍ട്ടര്‍. ജീവന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കാഴ്ചപ്പതിപ്പ്‌ പരിപാടി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹമായി. ഏഷ്യാനെറ്റിലെ മരണാനന്തരം എന്ന പരിപാടിയിലൂടെ വിപിന്‍ രാജ്‌ തോമസ്‌ മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മധുപാലിന്റെ ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയാണ്‌ മികച്ച ടെലി സീരിയല്‍. കൈരളിയില്‍ സംപ്രേഷണം ചെയ്യുന്ന പട്ടുറുമാല്‍ ആണ്‌ മികച്ച വിനോദപരിപാടി. മഴവില്‍ മനോരമയിലെ മറിമായം മികച്ച ഹാസ്യപരിപാടിയായും ഇതിലൂടെ മണികണ്ഠന്‍ പട്ടാമ്പി മികച്ച ഹാസ്യനടനായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.