തുണയായത് കേന്ദ്രപദ്ധതി വൈദ്യുതി വിതരണമേഖലയുടെ നവീകരണം അവസാനഘട്ടത്തില്‍

Saturday 4 November 2017 10:19 pm IST

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാരിന്റെ ആര്‍എ പിഡിആര്‍ പദ്ധതിയില്‍ പന്ത്രണ്ടു കോടി രൂപ ചെലവില്‍ ചങ്ങനാശേരി വൈദ്യുതി സെക്ഷനില്‍ നടത്തി വരുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി ഭൂഗര്‍ഭ കേബിളുകളും ഏരിയല്‍ ബഞ്ച്ഡ് കേബിളുകളും (എ ബി സി ) ഇടുന്ന പണികള്‍ അവസാന ഘട്ടത്തില്‍. ഘടക വസ്തുക്കള്‍ ലഭിക്കാനുള്ള കാലതാമസമാണ് പണികള്‍ താമസിക്കുന്നതിന് കാരണം. പത്ത് ദിവസത്തിനുള്ളില്‍ ഇവ സെക്ഷനില്‍ ലഭിക്കും. 25 സ്ഥലങ്ങളിലാണ് പണികള്‍ നടക്കേണ്ടത്. ഇവ ലഭിച്ചു കഴിഞാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പണികള്‍പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതോടെ നഗരത്തില്‍ അനുഭവപ്പെടുന്ന വൈദ്യുത തകരാറുകള്‍ക്ക് പരിഹാരരമാവും. എട്ട്‌വര്‍ഷം മുന്‍പ് തുടങ്ങിയ നവീകരണ പദ്ധതിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ കൂടുതലും നടന്നിട്ടുള്ളത്. ആറു കിലോമീറ്റര്‍ ദൂരത്തില്‍ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള ഭൂഗര്‍ഭ ഫീഡര്‍ കേബിളുകള്‍ ഇടുന്ന ജോലി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എബിസി പദ്ധതിയില്‍ പതിനാല് കിലോ മീറ്റര്‍ എച്ച്.റ്റി.ലൈനും ഇരുപത്താറ് കിലോമീറ്റര്‍ എല്‍.റ്റി ലൈനുകളും ഇട്ടു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ച് മറ്റു പണികള്‍ കൂടി തീര്‍ത്ത് ലൈന്‍ ചാര്‍ജ് ചെയ്യുന്നതിന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു . നഗരപരിധിയില്‍ വരുന്ന ലൈനുകളിലാണ് കേബിളുകള്‍ മാറ്റിയിടുന്ന പണികള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ അടിക്കടി ഉണ്ടാകുന്ന വൈദ്യുത തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.സെക്ഷന്‍ പരിധിയില്‍ 106 കിലോമീറ്റര്‍ എച്ച്.റ്റി ലൈനും 300 കിലോ മീറ്റര്‍ എല്‍.റ്റി ലൈനും ഉണ്ട്. കേന്ദ്രത്തിന്റെ ദീനദയാല്‍ പദ്ധതിയില്‍ 2018ല്‍ ഗ്രാമങ്ങളില്‍ ഐപി ഡി എസ് പദ്ധതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പൂര്‍ണ്ണമായും എബിസി കേബിളുകളിലൂടെ വൈദ്യുതി വിതരണം നടത്തുമ്പോള്‍ പ്രസരണനഷ്ടം ഒഴിവാക്കുന്നതിന് സാധിക്കും. ഇതോടെ വൈദ്യുത തടസ്സം നേരിടുന്നതും ഒഴിവാകും.സാധാരണ പ്രസരണനഷ്ടം 22 ശതമാനമാണങ്കില്‍ സെക്ഷന്റെ കീഴില്‍ ഇത് 16 ശതമാനമാണ്. ചങ്ങനാശേരി സെക്ഷനെ സംബന്ധിച്ച് ഉപഭോക്താക്കളുടെ എണ്ണവും പ്രവര്‍ത്തന പരിധിയും വളരെ കൂടുതലാണ്.ഇവിടെ 12 ലൈന്‍മാന്‍മാര്‍ മാത്രമേ ഉള്ളൂ.5 ലൈന്‍മാന്‍മാര്‍ കൂടി എങ്കിലും ഉണ്ടെങ്കിലെ ഇവിടെ വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് കഴിയുകയുള്ളൂ. രണ്ട് ഓവര്‍സിയര്‍മാരുടെ കുറവും സ്ഥിതി ഗുരുതരമാക്കുന്നു. മറ്റ് വൈദ്യുതസെക്ഷനുകളില്‍ പതിനായിരത്തില്‍ താഴെ ഉപഭോക്താക്കളും ചെറിയ പ്രവര്‍ത്തന പരിധിയുമാണുള്ളത്. രാത്രിയില്‍ സബ് എന്‍ജിനീയര്‍ ഇല്ലാത്തത് വൈദ്യുതി തകരാര്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു. സബ് എന്‍ജീനിയറന്മാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.