കരസേനയില്‍ സൗജന്യ എന്‍ജിനീയറിംഗ് ബിരുദപഠനം; ലഫ്റ്റനന്റ് പദവിയില്‍ ജോലി

Sunday 5 November 2017 9:26 pm IST

അവിവാഹിതരും ശാസ്ത്രവിഷയങ്ങളില്‍ മികച്ച പ്ലസ്ടു വിജയം വരിച്ചവരുമായ ആണ്‍കുട്ടികള്‍ക്ക് കരസേനയില്‍ 10+2 ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എന്‍ജിനീയറിംഗ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാനും അവസരം. 39-ാമത് കോഴ്‌സിലേക്കുള്ള പരിശീലനം 2018 ജൂലൈയില്‍ ആരംഭിക്കും. ആകെ 90 ഒഴിവുകളാണുള്ളത്. യോഗ്യത: അപേക്ഷകര്‍ പതിനാറരയ്ക്കും പത്തൊമ്പതരയ്ക്കും മധ്യേ പ്രായമുള്ളവരാകണം. 1999 ജനുവരി ഒന്നിന് മുമ്പോ 2002 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. 157.5 സെന്റീമീറ്ററില്‍ കുറയാത്ത ഉയരവും അതിനനുസൃതമായ ഭാരവും ഉണ്ടാകണം. വൈകല്യങ്ങളൊന്നും പാടില്ല. അപേക്ഷ: www.joinindianarmy.nic.in- എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 29 വരെ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിയുമ്പോള്‍ റോള്‍ നമ്പര്‍ ലഭ്യമാകും. അപേക്ഷയുടെ രണ്ട് പ്രിന്റ്ഔട്ട് എടുത്ത് ഒരെണ്ണത്തില്‍ ഒപ്പുവെച്ച്, 10, 12 ക്ലാസ് സര്‍ട്ടിഫിക്കറ്റുകളും ഐഡി പ്രൂഫും സഹിതം സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഹാജരാകുമ്പോള്‍ കൈവശം കരുതണം. അപേക്ഷയുടെ മറ്റൊരു പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കണം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി/പ്രിന്റൗട്ട് ആര്‍മി ഡയറ്കടറേറ്റ് ജനറല്‍ ഓഫ് റിക്രൂട്ടിംഗിന് അയക്കേണ്ടതില്ല. എസ്എസ്ബി ഇന്റര്‍വ്യുവിന് ക്ഷണിക്കുമ്പോള്‍ 10, 12 ക്ലാസ് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും പാസ്‌പോര്‍ട്ട് വലിപ്പമുള്ള ഫോട്ടോയുടെ 20 പകര്‍പ്പുകളും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കൈവശം കരുതണം. ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. വെബ്‌സൈറ്റിലെ ഇതു സംബന്ധിച്ച വിജ്ഞാപനം മനസ്സിലാക്കി വേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്. സെലക്ഷന്‍: മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബംഗളൂരു, ഭോപ്പാല്‍, അലഹബാദ്, കപൂര്‍ത്തല (പഞ്ചാബ്) എന്നിവിടങ്ങളിലായി എസ്എസ്ബി ഇന്റര്‍വ്യുവിന് ക്ഷണിക്കും. 5 ദിവസത്തോളം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രണ്ട് ഘട്ടങ്ങളിലായി സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, ഇന്റര്‍വ്യു എന്നിവ നടത്തും. ഒന്നാം ഘട്ടത്തില്‍ പരാജയപ്പെടുന്നവരെ പറഞ്ഞുവിടും. എസ്എസ്ബി ഇന്റര്‍വ്യുവില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവര്‍ കരാറില്‍ ഒപ്പുവയ്ക്കണം. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യുവിന് ഹാജരാകുന്നവര്‍ക്ക് എസി-3 ടയര്‍ റെയില്‍വേ/ബസ് യാത്രാക്കൂലി നല്‍കും. പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 വര്‍ഷക്കാലം പരിശീലനം നല്‍കും. 2018 ജൂലൈയില്‍ കോഴ്‌സ് ആരംഭിക്കും. ആദ്യത്തെ ഒരുവര്‍ഷം ഗയയിലെ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമിയില്‍ ബേസിക് മിലിട്ടറി ട്രെയിനിംഗ്. തുടര്‍ന്നുള്ള മൂന്നുവര്‍ഷം ടെക്‌നിക്കല്‍ ട്രെയിനിംഗും എന്‍ജിനീയറിംഗ് ബിരുദപഠനവുമാണ്. പൂനെയിലും സെക്കന്‍ഡറാബാദിലുമൊക്കെയാണ് പഠന-പരിശീലനങ്ങള്‍. പരിശീലനകാലം പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. മുഴുവന്‍ പരിശീലനച്ചെലവുകളും കരസേന വഹിക്കും. നാലുവര്‍ഷത്തെ പഠന-പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി പരീക്ഷകള്‍ വിജയിക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനീയറിംഗ് ബിരുദം സമ്മാനിക്കും. അതോടൊപ്പം ലഫ്റ്റനന്റ് പദവിയില്‍ ജോലിയും ലഭിക്കുന്നതാണ്. ലഫ്റ്റനന്റ് പദവിയില്‍ ഇപ്പോഴത്തെ ശമ്പളനിരക്ക് 56100-1,77,500 രൂപയാണ്. കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ക്യാപ്റ്റന്‍, മേജര്‍, ലഫ്റ്റനന്റ്, കേണല്‍ (26 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാകുമ്പോള്‍) പദവി വരെ ഉദ്യോഗക്കയറ്റത്തിനും സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in- എന്ന വെബ്‌സൈറ്റ് കാണുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.