'ഫൈനല്‍' തിരുവനന്തപുരത്ത്

Sunday 5 November 2017 11:10 pm IST

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയുടെ ഫൈനല്‍ നാളെ തിരുവനന്തപുരത്ത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം കളിയില്‍ ന്യൂസിലാന്‍ഡും ജയിച്ചതോടെയാണ് തിരുവനന്തപുരത്തെ അവസാന മത്സരത്തിന് ഫൈനലിന്റെ പ്രതീതി കൈവന്നത്. മത്സരത്തിനായി ഇരു ടീമുകളും ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് എത്തി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 197 റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ 40 റണ്‍സിന്റെ വിജയം നേടിയാണ് കിവികള്‍ പരമ്പര സമനിലയിലാക്കിയത്. 65 റണ്‍സെടുത്ത കോഹ്‌ലിയും പുറത്താകാതെ 49 റണ്‍സെടുത്ത ധോണിയും 23 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരവമാണ് ഇത്. മുന്‍പ് സ്‌റ്റേഡിയത്തില്‍ സാഫ് കപ്പ് ഫുട്‌ബോള്‍ നടന്നിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഐഎസ്എല്ലിനായി വിട്ടുനല്‍കിയതോടെയാണ് കെസിഎ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് ചുവടുമാറ്റിയത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് തലസ്ഥാനത്ത് രാജ്യാന്തര ക്രിക്കറ്റ് വിരുന്നെത്തുന്നത്. മത്സരത്തെ വരവേല്‍ക്കാന്‍ തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു. ദേശീയ ഗെയിംസിനായി നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടക്കാന്‍പോകുന്നത്. അഞ്ച് പിച്ചുകളാണ് ഇവിടെയുള്ളത്. മുന്‍പ് രണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു രണ്ട് മത്സരങ്ങളും. 1984ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യാ പര്യടനത്തിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം. 1988-ലാണ് അവസാന കളി നടന്നത്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍ വെസ്റ്റിന്‍ഡീസായിരുന്നു. ഇന്ത്യ 9 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.