കെഎസ്ആര്‍ടിസി സുരക്ഷ; വിമുക്ത ഭടന്മാരെ ഒഴിവാക്കുന്നു

Monday 6 November 2017 12:26 am IST

കോട്ടയം : കെഎസ്ആര്‍ടിസിയുടെ സ്വകാര്യവത്ക്കരണത്തിന് ആക്കം കൂട്ടി സുരക്ഷാജോലിയില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കുന്നു. സുരക്ഷാ ജോലികള്‍ സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകാര്‍ക്ക് നല്‍കാനാണ് നീക്കം. ഇതോടെ ജീവതത്തിന്റെ നല്ലൊരു പങ്ക് രാജ്യത്തെ സേവിച്ച വിമുക്തഭടന്മാര്‍ക്ക് നാട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഇല്ലാതാകുന്നത്. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നയാളുടെ ബന്ധു നടത്തുന്ന സെക്യൂരിറ്റി ഏജന്‍സിയെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. കെഎസ്ആര്‍ടിസിയില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്യുന്നവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണുളളത്. ഡിപ്പോയുടെ സുരക്ഷ ഇവരുടെ ചുമതലയാണ്. രാത്രിയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണം. ഒരോ ദിവസത്തെയും വരുമാനം ബാങ്കില്‍ അടയ്ക്കാന്‍ പോകുമ്പോഴും സെക്യൂരിറ്റി ഗാര്‍ഡ് ഒപ്പമുണ്ടാകണം. ഇത്തരം ഉത്തരവാദിത്തങ്ങള്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകാര്‍ ഇതര സംസ്ഥാനക്കാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ജോലിക്ക് നിയോഗിക്കുന്നവരുടെ പശ്ചാത്തലം മനസ്സിലാക്കാതെ ഇത്തരക്കാരേയും കെഎസ്ആര്‍ടിസിയുടെ സുരക്ഷ ഏല്‍പ്പിക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നു. സെക്യൂരിറ്റി ജോലി ചെയ്യുന്ന വിമുക്ത ഭടന്മാര്‍ക്ക് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൊടുക്കുന്നത് ഒഴിവാക്കാനാകുമെന്ന മെച്ചമാണ് കോര്‍പ്പറേഷന്‍ കണക്ക് കൂട്ടുന്നത്. സ്‌കാനിയ ബസ്സ് വാടകയ്‌ക്കെടുത്ത് ഓടിക്കാനുള്ള തീരുമാനവും സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. നഷ്ടത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസിയെ പടിപടിയായി സ്വകാര്യവത്ക്കരിക്കുമ്പോള്‍ ഭരണപക്ഷ യൂണിയനുകള്‍ മൗനം പുലര്‍ത്തുകയാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.