സൗദിയില്‍ കൂട്ട അറസ്റ്റ്; മന്ത്രിമാരെ പുറത്താക്കി

Monday 6 November 2017 2:01 am IST

റിയാദ്: സൗദി അറേബ്യയിലെ ഭരണതലത്തില്‍ വന്‍ അഴിച്ചുപണി. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന നാല് മന്ത്രിമാരെയും നാവികസേന മേധാവിയെയും നീക്കി. അഴിമതിവിരുദ്ധനീക്കത്തിന്റെ ഭാഗമായി 11 രാജകുമാരന്മാരും മുന്‍ മന്ത്രിമാരും അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിക്ക് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവ് വിപുലമായ അധികാരങ്ങള്‍ നല്‍കിയതിനു പിന്നാലെയാണ് ഈ നീക്കങ്ങള്‍. അധികാരം സല്‍മാന്‍ രാജകുമാരനിലേക്ക് കേന്ദ്രീകരിക്കാനാണെന്നും അതല്ല, അഴിമതിക്കെതിരായ ഇടപെടല്‍ ശക്തമാക്കാനുള്ള നടപടികളാണെന്നും രണ്ടു തരത്തില്‍ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരനടക്കം നാലു മന്ത്രിമാരെ പുറത്താക്കിയാണ് ഭരണതലത്തിലെ അഴിച്ചുപണിക്കു തുടക്കമിട്ടത്. നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രാജകുമാരന്മാരെയും മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിക്കു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണമുണ്ടായതിനു ശേഷം ഭരണതലത്തില്‍ അഴിച്ചുപണിയുണ്ടായതും ശ്രദ്ധേയം. മിതെബിനെ സൗദി നാഷണല്‍ ഗാര്‍ഡ്‌സിന്റെ ചുമതലയില്‍ നിന്ന് നീക്കിയത് എല്ലാവരെയും അമ്പരപ്പിച്ചു. സാമ്പത്തികകാര്യ മന്ത്രി ആദില്‍ ഫഖീഹിനെ പുറത്താക്കിയത് മറ്റൊരു പ്രധാന നടപടി. ആദില്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോഴാണ് സ്വദേശീകരണത്തിനുള്ള നിതാഖാത് പദ്ധതിക്കു തുടക്കമിട്ടത്. രാജകുമാരന്മാരിലെ കോടീശ്വരന്‍ എന്നറിയപ്പെടുന്ന അല്‍ വഹീദ് ബിന്‍ തലാല്‍ അറസ്റ്റിലായവരിലുണ്ടെന്നും റിപ്പോര്‍ട്ട്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമില്ല. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുവെന്നു കരുതുന്ന സൗദിയില്‍ എല്ലാ തലത്തിലും അഴിമതിയെന്ന യാഥാര്‍ഥ്യമാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. 2009ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വരെ ക്രമക്കേടുണ്ടെന്ന് സല്‍മാന്‍ രാജകുമാരന്‍ കണ്ടെത്തി. അധികാര സ്ഥാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരായ നടപടിയെന്നാണ് അറസ്റ്റിനെ സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അല്‍-അറബിയ വിശേഷിപ്പിച്ചത്. അഴിമതിവിരുദ്ധ സമിതിയുടെ നിരീക്ഷണത്തിലുള്ള പ്രമുഖര്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ സൈന്യത്തെ നിയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.