ഗെയില്‍ വാതക പദ്ധതി; രാജ്യം കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു

Monday 6 November 2017 3:22 am IST

കോഴിക്കോട്: ഗ്യാസ് അതോരിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു(ഗെയില്‍) കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയും വിതരണവും പുരോഗമിക്കുമ്പോള്‍ കേരളം തടസ്സങ്ങളുമായി ഏറെ പിന്നില്‍. രാജ്യത്ത് 71 നഗരങ്ങളിലായി 34 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ ഗെയിലിന്റെ പ്രകൃതി വാതക കണക്ഷന്‍ ഉപയോഗിക്കുന്നു. പൈപ്പ്ഡ് നേച്വറല്‍ ഗ്യാസ്(പിഎന്‍ജി) ആയി അടുത്ത നാല് വര്‍ഷം കൊണ്ട് ഒരു കോടി ഉപഭോക്താക്കളെയാണ് ഗെയില്‍ ലക്ഷ്യമിടുന്നത്. 250 വീടുകള്‍ക്ക് കൊച്ചിയില്‍ മാത്രം പ്രകൃതി വാതക കണക്ഷന്‍ നല്‍കി കഴിഞ്ഞു. 450 വീടുകളിലേയ്ക്കുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. 1860 വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് പ്രകൃതിവാതകം ഗെയില്‍ നല്‍കികൊണ്ടിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ത്രിപുര, മധ്യപ്രദേശ്, കര്‍ണ്ണാടക, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പുതുശ്ശേരി, ദാദ്രാനഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശങ്ങളിലും ഗെയിലിന്റെ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി തടസ്സമില്ലാതെ നീങ്ങുമ്പോഴാണ് കേരളം ഇതിനെതിരെ തിരിഞ്ഞു നില്‍ക്കുന്നത്. 10,977 കി. മീറ്റര്‍ നീളത്തില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായി കഴിഞ്ഞു. കേരളത്തിലെ പദ്ധതി 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് 437 കി. മീ. പൈപ്പ്‌ലൈന്‍ പദ്ധതിയാണ് പൂര്‍ത്തിയാക്കേണ്ടത്. കേരളത്തില്‍ 403 കിലോ മീറ്ററും, കര്‍ണ്ണാടകയില്‍ 34 കിലോ മീറ്ററുമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടത്. കേരളത്തില്‍ 100 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത് കര്‍ണ്ണാടകയില്‍ 34 കിലോമീറ്ററില്‍ ആറു കിലോമീറ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2018 ജൂണില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 30 മീറ്റര്‍ വിസ്തൃതിയിലാണ് ഭൂമിയുടെ ഉപയോഗാവകാശം പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ കേരളത്തിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ഇത് 20 മീറ്ററായും പിന്നീട് പണിപൂര്‍ത്തിയായാല്‍ 10 മീറ്ററായും കുറച്ചിട്ടുണ്ട്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും ഗെയില്‍ ഏറ്റെടുക്കുമെന്ന പ്രചാരണം നടത്തിയാണ് പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.